കരമന-കളിയിക്കാവിള റോഡ് വികസനം നഷ്ടപരിഹാരം രണ്ടാഴ്ചക്കകം നല്‍കാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് വികസനത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നല്‍കാനുള്ള 142 കോടി രൂപയുടെ നഷ്ടപരിഹാരം രണ്ടാഴ്ചക്കകം നല്‍കി ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് കലക്ടര്‍ എസ് .വെങ്കടേസപതിയുടെ കര്‍ശന നിര്‍ദേശം.ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുന്നതിലെ കാലതാമസം അംഗീകരിക്കാനാവില്ല. മാര്‍ച്ചില്‍ തന്നെ പൊളിച്ചു മാറ്റല്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം റോഡ് വീതി കൂട്ടുന്നതിനുള്ള ടെണ്ടര്‍ നടപടികളും സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പ്രാവച്ചമ്പലം മുതല്‍ വെടിവെച്ചാന്‍കോവില്‍ വരെ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്തിന് കൈമാറിയതായി ഡെപ്യൂട്ടി കലക്ടര്‍ സാം എല്‍. സോണ്‍ അറിയിച്ചു. ബാലരാമപുരം വരെ ശേഷിക്കുന്ന 1.5 കി മീ സ്ഥലം മാര്‍ച്ച് അവസാനത്തോടെ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കൈമാറും. ഇതിനോടകം 125 കോടി രൂപ നഷ്ട പരിഹാരം നല്‍കി കഴിഞ്ഞു. ശേഷിക്കുന്ന 142 കോടി രൂപ രണ്ടു ഘട്ടമായി വിതരണം ചെയ്യും. ആദ്യഘട്ടമായി 29 കോടി രൂപ ഈ ആഴ്ച തന്നെ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൈമാറി കിട്ടിയ സ്ഥലത്ത് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. അയണിമൂട് വരെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ചക്കകം കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കും. അയണിമൂടു മുതല്‍ വെടിവെച്ചാന്‍ കോവില്‍ വരെയുള്ള ഭാഗത്തെ ടെണ്ടര്‍ മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാക്കും. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള പ്രദേശത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹികാഘാത പഠനത്തിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് കരമന കളിയിക്കാവിള റോഡ് വികസനം പ്രത്യേക യൂനിറ്റ് തഹസില്‍ദാര്‍ എസ്.എല്‍. സജികുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."