പുലിഭീതി മാറാതെ മേലൂര്‍
ചാലക്കുടി: മേലൂര്‍ പഞ്ചായത്തിലെ പുഷ്പഗിരിയില്‍ പുലിഭീതിക്ക് ഇനിയും ശമനമായില്ല. ഇന്നലേയും പുലിയെ വീണ്ടും പലരും കണ്ടതോടെ പുലിഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. പുറത്തിറങ്ങാന്‍ പോലും പറ്റാതെ ഭയപ്പാടിലാണ് ഇവിടത്തുകാര്‍.
പുലിയെ പിടികൂടാനായി വനംവകുപ്പ് പുലികൂടും ഞായറാഴ്ച സ്ഥാപിച്ചെങ്കിലും പുലി കെണിയില്‍പെട്ടിട്ടില്ല. പുഷ്പഗിരി പുളിചോടിന് സമീപം വടക്കുംതല കുഞ്ഞപ്പന്റെ പറമ്പിലാണ് പുലികൂട് സ്ഥാപിച്ച് കെണിയൊരുക്കിയിട്ടുള്ളത്. പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ നായയേയും കെട്ടിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം നിരീക്ഷിക്കാനായി മൂന്ന് നിരീക്ഷണ കാമറകള്‍ കൂടി ഇന്നലെ വനംവകുപ്പ് സ്ഥാപിച്ചു.
നോര്‍ത്ത് വിവിധ സ്ഥലങ്ങളിലായി രണ്ട് കാമറകള്‍ സ്ഥാപിച്ചിരുന്നു.എന്നാല്‍ ഇതിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. ഇന്നലെ അടിച്ചിലി പ്രദേശത്ത് പുലിയെ കണ്ടതായും പറയുന്നുണ്ട്.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയൊടെ പെരുംകുളങ്ങര കുട്ടപ്പന്റെ ഭാര്യ ശോഭനയാണ് വീടിന് സമീപത്തെ പറമ്പില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ പറമ്പിനോട് ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍ പുലി കിടന്നതിന്റെ ലക്ഷണവും കണ്ടെത്തി.
സമീപ പറമ്പുകളില്‍ പുലിയുടെ കാല്‍പാടുകളും പതിഞ്ഞത് ശ്രദ്ധയില്‍പെട്ടു. അതിരപ്പിള്ളി റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാല്‍പാടുകള്‍ പുലിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് പുലിസാന്നിധ്യമുണ്ടെന്ന് ഉറപ്പായി.എന്നാല്‍ കഴിഞ്ഞ ദിവസം ഇതിന് സമീപം രണ്ട് പറമ്പുകളിലായി സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിട്ടുമില്ല. വെള്ളിയാഴ്ച നാരയമ്പാല ജോണി പകല്‍ സമയത്ത് ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ കണ്ടതായി പറയുന്നു.
അന്നേ ദിവസം തന്നെ വൈകീട്ട് ഏഴോടെ ചാതേലി വത്സന്റെ പറമ്പില്‍ വടക്കേപീടിക ബിജുവിന്റെ മകള്‍ ഗ്രേയ്‌സ് മരിയ പുലിയെ കണ്ടാതായും പറയുന്നുണ്ട്.
വീട്ടുകാരെ വിളിച്ചുവരുത്തിയെങ്കിലും പുലി ഓടിപോയതായും പറയുന്നു. ഒരാഴ്ച മുന്‍പ് ഈ പ്രദേശത്ത് തന്നെ പുലിയെ കണ്ടതായും പറയുന്നുണ്ട്. രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന പാണ്ടേലക്കല്‍ ബാലചന്ദ്രനാണ് പുലിയെ കണ്ടത്. രണ്ടാഴ്ച മുന്‍പ് പുഷ്പഗിരി ഭാഗത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് നായകളും ഒരു ആടും ചത്തിരുന്നു. ഇത് പുലിയുടെ ആക്രമണമാണെന്നാണ് ഇപ്പോള്‍ ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ശനിയാഴ്ച പുലിയെ കണ്ടതിനെ തുടര്‍ന്ന് വനപാലകരെത്തി പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇവിടെ പുലിസാന്നിധ്യമുണ്ടായിരുന്നു. പൊന്തകാടുകളും ഒഴിഞ്ഞ പറമ്പുകളുമുള്ളതായിരിക്കാം പുലി ഇവിടെ തങ്ങുന്നതെന്നാണ് വനപാലകരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."