മുളകുപൊടി വിതറി പണം കവര്‍ന്ന സംഭവം; പരാതിക്കാരനെ പൊലിസ് മര്‍ദിച്ചെന്ന്
ഫറോക്ക്: കണ്ണില്‍ മുളകുപൊടി വിതറി പണം കവര്‍ന്ന സംഭവത്തിലെ പരാതിക്കാരനെ പൊലിസ് മര്‍ദിച്ചതായി പരാതി. പാറമ്മല്‍ റോഡില്‍ പുലാപ്രപ്പടി ഭാരത് ഫിനാന്‍സ് ഇന്‍ക്ലൂഷന്‍സ് ലിമിറ്റഡിലെ കലക്ഷന്‍ ഏജന്റും ഉണ്ണിക്കുളം ചാലില്‍ പുറായി അനന്തുപ്രകാശ് (20)ാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ടു മൊഴിയെടുക്കാന്‍ ഫറോക്ക് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് പൊലിസ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ അനന്തുപ്രകാശിനെ പ്രതിയാക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്റിനോട് ചേര്‍ന്ന എന്‍.എച്ച് ഹോമിയോ റോഡില്‍ ലീഗ് ഓഫിസ് പരിസരത്തു വച്ചാണ് തട്ടിപ്പറി നടന്നത്. ബൈക്കിലെത്തിയ മൂവര്‍ സംഘം കണ്ണിലേക്ക് മുളകുപൊടി വിതറി കയ്യിലുണ്ടായിരുന്ന 60,000 രൂപ തട്ടിയെടുത്തെന്നാണ് അനന്തു പ്രകാശ് പൊലിസിന് കൊടുത്ത പരാതിയില്‍ പറയുന്നത്.
വൈസ്റ്റ്ഹില്‍ നിന്നും കലക്ഷനെടുത്ത് രാമനാട്ടുകരയിലേക്ക് ബൈക്കില്‍ വരികയായിരുന്നു. ലീഗ് ഓഫീസ് പരിസരത്ത് വച്ചു മറ്റൊരു ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞുവെച്ചു കണ്ണില്‍ മുളകു പൊടി വിതറി കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു അതിലുണ്ടായിരുന്നു പണം അപഹരിച്ചു കടന്നുകളഞ്ഞതായാണ് അനന്തുപ്രകാശ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് പൊലിസ് പരാതിക്കാരനെ മര്‍ദ്ദിച്ചതായി ആരോപണം വന്നിരിക്കുന്നത്. അതേ സമയം പരസ്പര വിരുദ്ധമായി മൊഴിനല്‍കിയ ഇയാളെ കേസില്‍ പ്രതിചേര്‍ത്തതായും തെളിവെടുപ്പിനു കൊണ്ടു പോകുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയുമായിരുന്നുവെന്നും ഫറോക്ക് എസ്.ഐ എം.കെ അനില്‍കുമാര്‍ പറഞ്ഞു.കുഴഞ്ഞു വീണ ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കിയതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."