എം.ടിയെ കണ്ടു, ചിത്രം കൈമാറി; നവീന് ഇത് ആഗ്രഹസാഫല്യം
പേരാമ്പ്ര: വീല്‍ചെയറിലിരുന്ന് ചിത്രംവരച്ചിരുന്ന നവീന്‍ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. താന്‍ വരച്ച ചിത്രങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. ചിത്രകാരന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച എം.ടിയുടെ പുഞ്ചിരിക്കുന്ന മുഖം അപൂര്‍വാനുഭവമായി.
പേരാമ്പ്ര കല്‍പത്തൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ നവീന് ജന്മനാ അരക്കു താഴെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ചിത്രരചനയില്‍ അപൂര്‍വ പ്രതിഭയായ കുട്ടിക്ക് ബി.ആര്‍.സിയിലെ റിസോഴ്‌സ് അധ്യാപകനായ എല്‍.വി രഞ്ജിത്താണ് ചിത്രരചനയില്‍ പരിശീലനം നല്‍കിയത്. താന്‍ വരച്ച ചിത്രം എം.ടിക്ക് സമ്മാനിക്കണമെന്ന് നവീന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
വിവരമറിഞ്ഞ എം.ടി ചിത്രങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ വസതിയില്‍ വച്ച് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
ബി.പി.ഒ കെ.വി വിനോദന്‍, ഐ.ഇ.ഡി കോഡിനേറ്റര്‍ ജി. രവി, സുരേന്ദ്രന്‍ പുത്തഞ്ചേരി, എല്‍.വി രഞ്ജിത്ത്, എന്‍. ഷൈജ, പ്രബിജ, ഉല്ലാസ്, ആതിര, ഫസീന എന്നിവരും കല്‍പത്തൂര്‍ സ്‌കൂളിലെ ചങ്ങാതിക്കൂട്ടം കൂട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. പേരാമ്പ്ര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നവീന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നേരത്തേ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."