ചൂടേറുന്നു; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്തവണ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാലാണ് ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നത്.
കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കരുതുകയും ചെയ്യണം. നിര്‍ജ്ജലീകരണം ഒഴിവാക്കാനാണിത്.
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക. കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷാഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുക. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റുരോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. ഇവര്‍ക്ക് വേഗം സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാലാണിത്.
പകല്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം.
നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലിസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
പുറംതൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലുള്ള മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാവുന്നതാണ്.
നല്ല പോഷകാഹാരവും ധാരാളം പഴങ്ങളും കഴിക്കണം.
ചൂട് മൂലം തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കി വൈദ്യ സഹായം ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."