മുക്കുപണ്ട തട്ടിപ്പ് അമ്മയും മകളും അറസ്റ്റില്‍
കൊട്ടാരക്കര: ജ്വല്ലറികള്‍ മുക്കുപണ്ടം നല്‍കി പുതിയ സ്വര്‍ണം മാറ്റി വാങ്ങി തട്ടിപ്പ് നടത്തിവന്നിരുന്ന അമ്മയും മകളും പൊലിസ് പിടിയിലായി. കോട്ടയം മുണ്ടക്കയം വരിക്കാനം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അന്‍സല്‍ന(38), ഇവരുടെ മാതാവായ സൈനബ ബീവി (58) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ടൗണിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ മുക്കുപണ്ട തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. കുട്ടികളുടെ സ്വര്‍ണവളകള്‍ മാറ്റി വാങ്ങാനെന്ന വ്യാജേന കൈകുഞ്ഞുമായി ജ്വല്ലറിയില്‍ എത്തിയ ഇവരെ സ്വര്‍ണാഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാര്‍ക്ക് സംശയം തോന്നി കൊട്ടാരക്കര പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊട്ടാരക്കര പൊലിസ് എത്തി ചോദ്യം ചെയ്തതോടെയാണ് മുക്കുപ്പണ്ട തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അഞ്ചല്‍, ആയൂര്‍, പുത്തൂര്‍, കുണ്ടറ, പന്തളം, അടൂര്‍, തിരുവല്ല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം രീതിയില്‍ സ്വര്‍ണതട്ടിപ്പ് നടത്തിയതായി പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇരുവരും വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കൊട്ടാരക്കര ഗാന്ധി മുക്കിലുള്ള വാടകവീട്ടില്‍ പൊലിസ് പരിശോധനകള്‍ നടത്തി. പേരുമാറ്റിയാണ് ഇവര്‍ ഇവിടെ താമസിച്ചുവന്നിരുന്നത്. അന്‍സല്‍നയുടെ രണ്ടാം ഭര്‍ത്താവായ സുരേഷ് (40) ഈ വീട്ടില്‍ മുക്കുപ്പണ്ടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പണിശാല നടത്തിയിരുന്നു. മുക്കുപ്പണ്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധനസാമഗ്രികള്‍ പൊലിസ് ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഭാര്യയും ഭാര്യ മാതാവും പൊലിസ് പിടിയിലായതറിഞ്ഞ് സുരേഷ് ഒളിവിലാണ്.
സംസ്ഥാനത്തിനകത്ത് ഇത്തരത്തിലുള്ള മുക്കുപണ്ട തട്ടിപ്പ് മാഫിയയുടെ പ്രവര്‍ത്തനം പൊലിസ് അന്വേഷിച്ചുവരികയാണ്. പിടികൂടിയ പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. കൊട്ടാരക്കര ഡിവൈ.എസ്.പി എ. അശോകന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര സി.ഐ ബി. ഗോപകുമാര്‍, കൊട്ടാരക്കര എസ്.ഐ സി.കെ മനോജ്, എസ്.ഐ അരുണ്‍, എസ്.ഐ നസ്‌റുദ്ദീന്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, വനിതാ സി.പി.ഒമാരായ ശ്രീജാ ഭായി, ഷൈനി, ദീപ്തി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."