ക്രിസ്ത്യന്‍ സെമിത്തേരി: ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്കു കടന്നത്. സെമിത്തേരികളില്‍ മൃതശരീരം അടക്കം ചെയ്യുന്നത് തടയുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ഒരു ഇടവകയില്‍ ഉള്‍പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കാന്‍ അവകാശമുണ്ട്.
ഇടവകയിലെ വികാരി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന്റെ ഒരു പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണെന്നും ഈ രജിസ്റ്റര്‍ ഒരു സ്ഥിരം രേഖയായി സൂക്ഷിക്കുകയും അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാവുന്നതാണെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ബില്ലിന്‍മേലുള്ള ചര്‍ച്ചാവേളയില്‍ ബില്‍ നിയമമാകുന്നതോടെ ഉണ്ടായേക്കാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷമൊന്നടങ്കം രംഗത്തെത്തി. ബില്ലിന്റെ പേര്, ലക്ഷ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് പൊതുവിലുള്ള ആശങ്കയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രകടിപ്പിച്ചത്. ബില്ലിന്റെ പേര്, ഘടന പരാമര്‍ശങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."