മധുരം മലയാളം ഭരണഭാഷമാറ്റ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു
ആലപ്പുഴ: ഭരണഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം അതത് ജില്ലകളില്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം കലക്ടര്‍മാരില്‍ നിക്ഷിപ്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി വകുപ്പുകളുടെ ജില്ലാതല ഭാഷ സമിതി നിലനിര്‍ത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപനസമതികള്‍ രൂപീകരിച്ചു.
കലക്ടര്‍ അധ്യക്ഷനായ സമതിയുടെ കണ്‍വീനര്‍ ഡപ്യൂട്ടി കലക്ടര്‍ (ജനറല്‍) ആണ്. എല്ലാ വകുപ്പിലെയും ജില്ലതല ഔദ്യോഗിക ഭാഷ സമിതി അധ്യക്ഷന്മാര്‍ അംഗങ്ങളായ സമിതി ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്‌ടോബര്‍ മാസങ്ങളില്‍ യോഗം ചേര്‍ന്നിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഏകോപന സമതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു ബോധ്യപ്പെട്ടാല്‍ ഔദ്യോഗിക ഭാഷ വകുപ്പിന്റെ പ്രതിനിധിക്ക് സമിതി യോഗത്തില്‍ മുന്നറിയിപ്പോടെയോ അല്ലാതെയോ പങ്കെടുക്കാവുന്നതാണെന്ന ശ്രദ്ധേയമായ തീരുമാനവും ഉത്തരവിലുണ്ട്. പത്തിന അവകാശങ്ങളും ചുമതലകളുമാണ് ഏകോപന സമിതിക്ക് നിശ്ചയിച്ചിട്ടുള്ളത്. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളും നിര്‍ദേശങ്ങളും ഏകോപന സമിതിയോഗങ്ങള്‍ ചേര്‍ന്ന് വകുപ്പു തലവന്മാര്‍ക്ക് നല്കണമെന്നാണ് നിര്‍ദ്ദേശം.
ഔദ്യോഗിക ഭാഷ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും സര്‍ക്കുലറുകളും നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക എന്നതാണ് ഒരു നിര്‍ദേശം. വകുപ്പുതലത്തിലുള്ള ജില്ലാതല ഔദ്യോഗിക ഭാഷ സമതികള്‍ രൂപീകരിച്ച് ഓരോ വകുപ്പും ഭാഷാമാറ്റ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ചുമതലയും സമിതിക്കുണ്ട്. വകുപ്പുതല ജില്ലാതല ഔദ്യോഗിക ഭാഷ സമിതികള്‍ രണ്ടു മാസത്തിലൊരിക്കല്‍ കൂടുന്നുവെന്ന് ഉറപ്പാക്കി യോഗനടപടിക്കുറിപ്പുകള്‍, ഹാജര്‍ എന്നിവ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഏകോപന സമിതിക്ക് അധികാരമുണ്ട്.
ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യമെന്നു കണ്ടാല്‍ കളക്ടര്‍ക്ക് വിളിച്ചു വരുത്തി പരിശോധിക്കാനും ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി വിശദീകരണം തേടാനും വ്യവസ്ഥയുണ്ട്. വകുപ്പു തലത്തിലുള്ള ജില്ലതല ഔദ്യോഗിക ഭാഷ സമിതികളുടെ പ്രവര്‍ത്തനം ഏകോപന സമിതിയോഗത്തില്‍ വിലയിരുത്തും. മലയാളം പൂര്‍ണ്ണമായും ഭരണഭാഷയാക്കുന്നത് സംബന്ധിച്ച ഭാഷമാറ്റ നടപടി ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും പുരോഗതി അവലോകനം ചെയ്യാനും സമിതിക്ക് അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."