ബി.ജെ.പി സമരം അവസാനിപ്പിക്കാന്‍ നാരങ്ങാനീര് നല്‍കിയ മുല്ലക്കര വിവാദത്തില്‍
കൊല്ലം: ജില്ലയിലെ ചിതറ പഞ്ചായത്തില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ നാരങ്ങാനീരു നല്‍കിയ സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയുടെ നടപടി വിവാദത്തില്‍. എല്‍.ഡി.എഫ് ഭരിക്കുന്ന ചിതറ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ബി.ജെ.പി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസ് വ്യക്തമാക്കിയെങ്കിലും ബി.ജെ.പി ചിതറ, മടത്തറ പഞ്ചായത്ത് കമ്മിറ്റികള്‍ സമരം തുടരുകയായിരുന്നു. ഇതിനിടെയാണ് സ്ഥലത്തെത്തിയ ചടയമംഗലം എം.എല്‍.എയായ മുല്ലക്കര രത്‌നാകരന്‍ പ്രശ്‌നപരിഹാരത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നാരങ്ങാനീരു നല്‍കി സമരം അവസാനിപ്പിച്ചത്.
ചടയമംഗലം മണ്ഡലത്തില്‍ വരുന്ന ചിതറ പഞ്ചായത്തില്‍ എല്‍.ഡി.എഫാണ് ഭരണത്തില്‍. പഞ്ചായത്തോഫിസിന്റെ വരാന്തയിലാണ് ബി.ജെ.പി പ്രവര്‍ത്തര്‍ സമരം നടത്തിയത്. മലയോരമേഖലയോടു ചേര്‍ന്ന് കിടക്കുന്ന ചിതറ പഞ്ചായത്തില്‍ എല്ലാവര്‍ഷവും വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വരുന്ന പ്രദേശം കാലങ്ങളായി സി.പി.എമ്മിന്റെ കോട്ടയാണ്. ബി.ജെ.പിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത ഇവിടെ സി.പി.എം കഴിഞ്ഞാല്‍ സി.പി.ഐയ്ക്കാണ് ശക്തി.
ചടയമംഗലം നിയോജകണ്ഡലത്തില്‍ നിന്ന് ഇതു മൂന്നാംതവണയാണ് മുല്ലക്കര നിയമസഭയെ പ്രതിനിധീകരിക്കുന്നത്. ചടയമംഗലംപഞ്ചായത്തിലാകട്ടെ പതിനൊന്നംഗ ഭരണസമിതിയില്‍ പത്ത് എല്‍.ഡി.എഫും ഒരും ബി.ജെ.പിയുമാണുള്ളത്. ഇവിടെ നിന്നുള്ള മൂന്നു ജില്ലാപഞ്ചായത്തംഗങ്ങളും 12 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും എല്‍.ഡി.എഫുകാരാണ്. മുല്ലക്കരയുടെ നടപടിക്കെതിരെ എല്‍.ഡി.എഫില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സി.പി.എമ്മിനും ഇക്കാര്യത്തില്‍ യോജിപ്പില്ല. എന്നാല്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ സമരക്കാരോട് സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കിയ സാഹചര്യത്തിലാണ് നാരങ്ങാനീരു നല്‍കിയതെന്നാണ് എം.എല്‍.എ പറയുന്നത്. പൊതുവിഷയമായതിനാലാണു എം.എല്‍.എ ഇടപെട്ടതെന്നും ഇതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഒരുവിഭാഗം പറയുന്നു. മുല്ലക്കരയുടെ നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നു തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെയും വിലയിരുത്തലെന്നാണ് അറിയുന്നത്.
എന്നാല്‍ ഇതു വിവാദമാക്കുന്നതിന് പിന്നില്‍ മുന്നണിയിലെ പടലപ്പിണക്കങ്ങളും കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."