ജനപ്രിയ ബജറ്റ് മാന്ദ്യത്തെ മറികടക്കില്ല
ഇടതു മുന്നണി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റ് പരമാവധി ജനപ്രിയമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റും കൂടിയാണിത്. കഴിഞ്ഞ ബജറ്റില്‍ നിന്നും വ്യത്യസ്തമായി ബജറ്റിനെ ജനപ്രിയമാക്കുന്നതിന് ഇടതു മുന്നണിയെ സ്വാധീനിച്ച ഘടകങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായിരിക്കണം. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഈ ആകുലതകളൊന്നുമില്ലാത്തതു കൊണ്ടാണ് നിര്‍മലാ സീതാരാമന്‍ പതിവുപോലെ കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുക്കുന്നതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്നതുമായ ബജറ്റ് അവതരിപ്പിച്ചത്.
ബി.ജെ.പി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ബജറ്റ് വായന തോമസ് ഐസക്ക് ആരംഭിച്ചത്. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കുന്നതിന് പകരം അവരെ വെറുപ്പിന്റെ വഴിയില്‍ എത്തിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തെ ഓരോ പൗരനും ഓരോ പൊട്ടിത്തെറിയായി രൂപാന്തരം പ്രാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പി സര്‍ക്കാരിനാണ്. ദേശീയ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പൗരരില്‍ ഭയം സൃഷ്ടിച്ചിരിക്കുന്നു, പൗരത്വം മായ്ച്ചുകളയുവാന്‍ അനുവദിക്കുകയില്ലെന്നും ഇന്ത്യയെ വിട്ടുകൊടുക്കുകയില്ലെന്നുമുള്ള യുവതയുടെ ദൃഢനിശ്ചയത്തില്‍ ഇന്ത്യയുടെ ഭാവി സുസ്ഥിരമായിരിക്കും തുടങ്ങിയ വിമര്‍ശനങ്ങളും പ്രമുഖരായ എഴുത്തുകാരുടെ വാക്കുകളും വചനങ്ങളും കവിതകളും ഉദ്ധരിച്ചുമാണ് തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചത്.
മാന്ദ്യത്തെ തമസ്‌ക്കരിച്ചുകൊണ്ടായിരുന്നു നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതെങ്കില്‍ ആ യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഉതകുന്ന പദ്ധതികളൊന്നും അദ്ദേഹം പ്രഖ്യാപിച്ചതുമില്ല. തൊഴിലില്ലായ്മ പരിഹരിക്കാനും പദ്ധതികളില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം നല്‍കുന്നത് തൊഴിലില്ലായ്മ പരിഹരിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചും ജി.എസ്.ടിയുടെ വിഹിതം തരാതെ പിടിച്ചുവെച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള തുക നാമമത്രമാക്കിയും ചുരുക്കിയപ്പോള്‍ കഴിഞ്ഞതവണ തന്നതില്‍നിന്നും 50,000 കോടിയുടെ കുറവാണ് ഉണ്ടായത്. ഈ കുറവ് നികത്താന്‍ സംസ്ഥാന ബജറ്റില്‍ കനത്ത നികുതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വരുമാനം കണ്ടെത്താന്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടുകയും വന്‍കിട പദ്ധതികള്‍ക്കരികിലുള്ള ഭൂമിയുടെ വില 30 ശതമാനം വര്‍ധിപ്പിക്കുകയും തണ്ടപ്പേര് പകര്‍ത്തുന്നതിന് 100 രൂപയാക്കിയതും ലൊക്കേഷന്‍ മാപ്പിന് 200 രൂപയാക്കിയതും ഭൂമി പോക്ക് വരവ് സ്ലാബ് പുതുക്കിയതും മാന്ദ്യത്തെ നിലനിര്‍ത്തുമെന്നു തന്നെയാണ് കരുതേണ്ടത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ സ്തംഭനമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനം. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. 20 ശതമാനം തൊഴിലുകളും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണ്. അതൊക്കെ നിലച്ചമട്ടാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ബജറ്റില്‍ ഭൂമിയുടെ ന്യായവില തോമസ് ഐസക്ക് വര്‍ധിപ്പിച്ചതാണ്. അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം ഇതുവരെ പരിഹരിക്കാതെ ഇരിക്കുമ്പോഴാണ് വീണ്ടും ഭൂമിയുടെ ന്യായവിലയില്‍ പത്ത് ശതമാനം വര്‍ധന വരുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി മാന്ദ്യം തുടരാന്‍ തന്നെയാണ് സാധ്യത.
ജനപ്രിയ പദ്ധതികള്‍കൊണ്ട് സാമ്പത്തിക മാന്ദ്യത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണത്തേതില്‍നിന്നും വ്യത്യസ്തമായി പദ്ധതിയിതര ചെലവു ചുരുക്കാനും റവന്യു വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത് നല്ലകാര്യം തന്നെ. എന്നാല്‍ ചെലവ് ചുരുക്കല്‍ ഗണ്യമായി കുറയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ബജറ്റില്‍ ചെലവ് കുറക്കാന്‍ കഴിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അത് തുടരുമെന്നര്‍ഥം.
രണ്ട് പ്രളയങ്ങള്‍ ഉണ്ടായിട്ടും വ്യാവസായിക മേഖലയില്‍ ഉണര്‍വ്വ് ഉണ്ടായത് ടൂറിസം മേഖലയിലാണ്. കാര്‍ഷിക മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ആ നിലക്ക് ടൂറിസം മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതില്‍ നെല്‍കൃഷി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിനാല്‍ നെല്‍കൃഷിക്ക് റോയല്‍റ്റി നല്‍കാന്‍ 40 കോടി നീക്കിവെച്ചിട്ടുമുണ്ട്. നെല്‍കൃഷിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ തുകയും വകകൊള്ളിച്ചിട്ടുണ്ട്. കൃഷിയെ അവഗണിച്ചിട്ടില്ലെന്ന് സാരം.
വികസനത്തിന് അത്യാവശ്യം വേണ്ടത് വൈദ്യുതിയുടെ ചുരുങ്ങിയ നിരക്കിലുള്ള ലഭ്യതയും വെള്ളവും റോഡുകളുടെ വികസനവുമാണ്. ഇതിനെല്ലാം വന്‍തോതില്‍ തുക വകകൊള്ളിച്ചു എന്നത് അഭിനന്ദാര്‍ഹംതന്നെ. ബജറ്റിനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ ജനപ്രിയ സ്വഭാവമാണ്. ക്ഷേമപെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചിരിക്കുന്നു. ആശാവര്‍ക്കര്‍മാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. വിശപ്പ് രഹിത കേരള പദ്ധതിക്ക് 25 രൂപക്ക് ഊണ്‍ കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. വനിതാ ക്ഷേമത്തിനു തുക ഇരട്ടിയാക്കി. കാന്‍സര്‍ മരുന്നിന് വില കുറച്ചു. പ്രവാസി ക്ഷേമത്തിന് 90 കോടി നീക്കിവെച്ചു. പ്രവാസികളുടെ പുനരധിവാസത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ 9,384 കോടി രൂപ. കുടിവെള്ള പദ്ധതിക്കും സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കും പത്ത് കോടിയും നീക്കിവെച്ചത് ആശാവഹം തന്നെയാണ്. ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിക്കുവാനും തീരുമാനിച്ചതിലൂടെ തികച്ചും ജനപ്രിയ ബജറ്റ് തന്നെയാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. പക്ഷെ ഇതെല്ലാം സ്വപ്നങ്ങളായി അവശേഷിക്കാതെ യാഥാര്‍ഥ്യമാകുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമായിതന്നെ നിലനില്‍ക്കുന്നുണ്ട് താനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."