പ്രഖ്യാപനത്തിന് കാത്തുനില്‍ക്കുന്നില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്‌ലിംലീഗ്
മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ലോകസഭാംഗമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുസ്‌ലിംലീഗ് ഒരുക്കം തുടങ്ങി. തെരഞ്ഞെടുപ്പ് തിയതി പോലും പ്രഖ്യാപിക്കുന്നതിനു മുമ്പേ ബൂത്ത്തല കമ്മിറ്റികള്‍ രൂപീകരിച്ച് താഴേതട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനാണ് മുസ്‌ലിംലീഗ് തീരുമാനം. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, പഞ്ചായത്ത് മുസ്‌ലിംലീഗ്, യൂത്ത് ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച ഇരുപതിന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി. വോട്ടര്‍ പട്ടികയില്‍ പരമാവധി പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുകയാണ് പ്രധാന നിര്‍ദ്ദേശം. അനര്‍ഹരെ പട്ടികയില്‍നിന്നു നീക്കം ചെയ്യാനും നടപടിയെടുക്കണം. യു.ഡി.എഫ് അടിസ്ഥാനത്തില്‍ ബൂത്ത് കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമേ നിലവില്‍ വരൂ. ഇതിനു മുമ്പേ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ പ്രത്യേക ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണം.
ഇവരുമായി ജില്ലാ നേതൃത്വം നേരിട്ട് നിരന്തരസമ്പര്‍ക്കം നടത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയത്ത് തകര്‍ന്ന യു.ഡി.എഫ് ബന്ധം പുനസ്ഥാപിക്കാന്‍ പല പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും ഇതുവരെ സാധിച്ചിട്ടില്ല. യു.ഡി.എഫ് ഘടകകക്ഷികളുമായി നല്ലബന്ധത്തിലാവാന്‍ ഏപ്രില്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. മുന്നണിബന്ധം വിട്ട് യു.ഡി.എഫ് ഇതര കക്ഷികളുമായി ഉണ്ടാക്കിയ ബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. മാര്‍ച്ച് 30 നകം പാര്‍ട്ടിയിലെ മുഴുവന്‍ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കണം. കര്‍മ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ നാലിനു തുടങ്ങും. മലപ്പുറം, മഞ്ചേരി, മങ്കട മണ്ഡലങ്ങളിലെ കണ്‍വന്‍ഷനാണ് നാലിനു നടക്കുക. വേങ്ങര, വള്ളിക്കുന്ന് കണ്‍വെന്‍ഷന്‍ ആറിനും കൊണ്ടോട്ടി, പെരിന്തല്‍മണ്ണ കണ്‍വെന്‍ഷന്‍ ഏഴിനും നടക്കും. കര്‍മ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തുമെന്നും കര്‍മ പദ്ധതിയിലുണ്ട്.
മലപ്പുറത്ത് ചേര്‍ന്ന പദ്ധതി വിശദീകരണ യോഗം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."