തെരുവില്‍ കരുത്താര്‍ജിക്കുന്ന സമരപോരാട്ടങ്ങള്‍
പൗരത്വ പ്രക്ഷോഭങ്ങള്‍ ഇത്രമേല്‍ ആളിപ്പടരുമെന്ന് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും കരുതിയിട്ടുണ്ടാകില്ല. അത്രമേല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ കൂലിപ്പട്ടാളക്കാരെ നിയോഗിച്ചിരിക്കുകയാണ് സംഘ് നേതാക്കള്‍. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍.എസ്.എസ് ആചാര്യന്മാര്‍ വിഭാവനം ചെയ്ത നയം എങ്ങനെ എളുപ്പത്തില്‍ നടപ്പാക്കാമെന്ന ചിന്തയിലായിരുന്നു ഇതുവരെ ബി.ജെ.പി നേതൃത്വം. അങ്ങനെയാണ് പൗരത്വ നിഷേധത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അവരുടെ ആചാര്യന്മാരുടെ ചിതാഭസ്മം പോലും, രാജ്യം ഹൈന്ദവവല്‍ക്കരിച്ച ശേഷം മാത്രം നിമജ്ജനം ചെയ്താല്‍ മതിയെന്നു തീരുമാനിച്ച് നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണല്ലോ. ഈ ലക്ഷ്യം നേടിയെടുക്കാന്‍ രാജ്യത്തെ മുസ്‌ലിംകളെ എങ്ങനെ പുറത്താക്കാമെന്ന ആലോചനയുടെ ഒടുക്കം ചെന്നവസാനിച്ചത് പൗരത്വ നിഷേധത്തിലായിരുന്നു. അതേസമയം തന്നെ ഇതിനെതിരേ രാജ്യത്ത് പ്രക്ഷോഭം കത്തിപ്പടരുകയും ചെയ്തു.
എന്നാല്‍ ഇതിനകം തന്നെ മൂന്നു സംസ്ഥാനങ്ങളും ഒരു മന്ത്രിസഭയും പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല എന്ന പ്രമേയം പാസാക്കിയിരിക്കുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായ പഞ്ചാബിലെ സിഖ് സംഘടന ശിരോമണി അകാലിദളും മുസ്‌ലിംകളെ മാത്രം ഒഴിച്ചുനിര്‍ത്തിയുള്ള ഒരു നിയമനിര്‍മാണം വേണ്ടെന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്കുകയാണ്. ലോകമെമ്പാടും, വിശിഷ്യാ ഇന്ത്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരേ വന്‍ പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. രണ്ടാം സ്വാതന്ത്ര്യസമരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭങ്ങള്‍ പക്ഷേ, രാഷ്ട്രപതി കണ്ടതും കേട്ടതുമില്ലെന്നു തോന്നുന്നു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുകയും ചെയ്തു. കാണ്‍പൂരിലെ ദേരാപൂരില്‍ 75 വര്‍ഷം മുന്‍പ് താന്‍ പിറന്നുവീണ വീടുപോലും ആര്‍.എസ്.എസിനു ചാര്‍ത്തിക്കൊടുത്ത ഒരാളില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്.
ദലിത് സഹസ്രങ്ങള്‍ മുതല്‍ നൊബേല്‍ പുരസ്‌കാരം നേടിയവര്‍ വരെ സടകുടഞ്ഞെഴുന്നേറ്റ് രാപകല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥവാസികള്‍ കാണാത്തതല്ല, കേള്‍ക്കാത്തതുമല്ല. ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ് അവരെ നയിക്കുന്നതെന്നു മാത്രം. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം മാത്രം പിറന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും ചരിത്രം പഠിപ്പിക്കാനിറങ്ങി തിരിച്ചിരിക്കുന്നത്, മരം കോച്ചുന്ന തണുപ്പിലും സമരരംഗത്തുള്ള പ്രക്ഷുബ്ധ യുവത്വമാണ്. സമരക്കാരുടെ നേരെ സംഘ് ഭീകരന്‍ പരസ്യമായി വെടിവയ്ക്കുന്നത് നോക്കിനില്‍ക്കുന്ന ഡല്‍ഹി പൊലിസിനെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീജനങ്ങളും തെരുവിലിറങ്ങിയിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ സ്വപ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ത്സാന്‍സി റാണിയെയും ചാന്ദ് ബീബിയെയും പോലുള്ള ധീരപരാക്രമികളെ സൃഷ്ടിച്ച നാടാണ് നമ്മുടേത്. ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ഥികളെ തോക്കിന്‍മുനയില്‍ ഭയപ്പെടുത്തി നിര്‍ത്താന്‍ ശ്രമിക്കുന്ന കാക്കിധാരികളെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി സധൈര്യം മുന്നോട്ടുവന്നത് പുതുപ്രതീക്ഷ നല്‍കുന്നതാണ്.
എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യാവകാശം നല്‍കി 70 വര്‍ഷങ്ങളായി നാം അംഗീകരിച്ചുവരുന്ന മഹത്തായ ഭരണഘടനയാണ് രാജ്യത്തിന്റേത്. മൂന്ന് അയല്‍നാടുകള്‍ക്കും ആറ് മതവിഭാഗങ്ങള്‍ക്കും പൗരത്വാവകാശം നേടാന്‍ ഇളവു നല്‍കിയപ്പോള്‍ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ ഇസ്‌ലാം മത വിശ്വാസികളെ മാത്രം സംഘ്പരിവാര്‍ ഭരണം പുറത്തുനിര്‍ത്തി. ഇതിനെതിരായ ജനകീയ പോരാട്ടം മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി കാണാനാകില്ല. ഒരാഴ്ച മുന്‍പ് ബംഗാളില്‍ മധ്യ കൊല്‍ക്കത്തയിലെ മായാ റോഡ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത് നൂറിലേറെ ബ്രാഹ്മണ പുരോഹിതരാണ്. ദലിതര്‍ അടക്കമുള്ള കോടിക്കണക്കിനു ഹിന്ദുമത വിശ്വാസികള്‍ കേരളത്തിലടക്കം ഈ സമരത്തെ മുന്നില്‍ നയിക്കുന്നുണ്ട്.
ഒന്നര മാസമായി തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീജനങ്ങള്‍ രാപകല്‍ ഭേദമന്യെ സമരമുഖത്തുണ്ട്. നൂറു വര്‍ഷത്തിനിടെയുള്ള കൊടുംതണുപ്പ് രേഖപ്പെടുത്തിയ ഷഹീന്‍ബാഗില്‍ സമരക്കാര്‍ ഉപയോഗിച്ച കമ്പിളിപ്പുതപ്പുകള്‍ വരെ പറിച്ചെടുക്കാന്‍ അക്രമികള്‍ക്ക് പൊലിസ് കൂട്ടുനില്‍ക്കുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ധര്‍ണ ഇരിക്കുന്നവര്‍ക്കു നേരെ സംഘ്പരിവാര്‍ തീവ്രവാദി വെടിയുതിര്‍ക്കുന്നു. അവിടെ സത്യഗ്രഹമിരിക്കുന്ന സ്ത്രീകളെ അവിടുത്തെ പുരുഷന്മാര്‍ മാനഭംഗപ്പെടുത്തുന്നുണ്ടെന്ന വ്യാജകഥ ബി.ജെ.പി എം.പി പറയുന്നു... ഇത്രയേറെ മുറിവേല്‍പ്പിച്ചും അടിച്ചൊതുക്കിയും സമരക്കാരെ പിന്തിരിപ്പിക്കാന്‍ സംഘ്പരിവാര്‍-ഭരണകൂട ശക്തികള്‍ ശ്രമിക്കുമ്പോഴും സമരം കരുത്താര്‍ജിക്കുകയാണ് ചെയ്യുന്നത്. മര്‍ദിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തുടനീളം ആയിരക്കണക്കിനു ഷഹീന്‍ബാഗുകള്‍ സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞുവച്ചത്. അതു സംഭവിക്കുക തന്നെ ചെയ്യും.
തുല്യപൗരത്വം എന്നത് പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും അനുവദിച്ചുനല്‍കിയ മഹത്തായ ഭരണഘടനയാണു നമ്മുടേത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച് മൂന്നു വര്‍ഷം ചര്‍ച്ച നടത്തി അംഗീകരിച്ച ഭരണഘടന ജനങ്ങള്‍ക്കായി സമര്‍പ്പിച്ച വിലപ്പെട്ട രേഖയാണ്. അതിനു രൂപംനല്‍കിയ 299 അംഗ സഭയില്‍ വനിതകളായി 15 പേരുണ്ടായിരുന്നു.
ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ കത്തിവയ്ക്കുന്ന നിയമത്തിനെതിരേയാണ്, കാണാതെപോയ ലക്ഷക്കണക്കിനു വോട്ടിങ് യന്ത്രങ്ങളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ എന്‍.ഡി.എ ഭരണകൂടത്തിനെതിരേയാണ് ഇന്നു ജനകോടികള്‍ തെരുവിലിറങ്ങുന്നത്. ജനകീയ പ്രക്ഷോഭങ്ങളെ അതിജയിക്കാന്‍ കഴിയാതെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമെല്ലാം പൊലിസ് നരനായാട്ടിനു കാഞ്ചി വലിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കാന്‍ പൊലിസ് തെരുവിലിറങ്ങിയപ്പോള്‍, അവരെ സുധീരമായി ചൂണ്ടുവിരല്‍ കൊണ്ട് നേരിട്ടത് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു.
അതിനിടെ, യു.പി മുഖ്യമന്ത്രിക്ക് കാര്യങ്ങളുടെ കിടപ്പുരീതി ഇനിയും പിടികിട്ടിയിട്ടില്ല. ലക്‌നോവില്‍ സമാധാനപരമായി പ്രതിഷേധിച്ച 130 സ്ത്രീകള്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മുനവര്‍ റാണയുടെ മക്കളായ സുമയ്യ റാണയും ഫൗസി റാണയും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് സത്യഗ്രഹം നടത്തവേയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കടുത്ത തണുപ്പിനെ നേരിടാന്‍ പുതച്ചിരുന്ന കമ്പിളിപ്പുതപ്പുകള്‍ മുതല്‍ സത്യഗ്രഹികള്‍ക്കു കൊടുക്കാന്‍ ഒരുക്കിയ ഭക്ഷണപ്പൊതികള്‍ വരെ പൊലിസ് അടിച്ചുമാറ്റുന്നത് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലിസുകാരെ റോസാപൂക്കള്‍ നല്‍കി സ്വീകരിക്കാന്‍ വന്ന പെണ്‍കുട്ടികളോട് തോറ്റുമടങ്ങിയ ശേഷമാണ്, അവര്‍ തീവ്രവാദികള്‍ക്ക് തോക്കു നല്‍കി സമരപ്പന്തലിലേക്ക് അയച്ചത്.
എറണാകുളം കലൂരില്‍ വി.എച്ച്.പി നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്രപരിസരത്ത് സി.എ.എ അനുകൂല പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ എതിര്‍ത്ത തിരുവനന്തപുരം സ്വദേശിനി ആതിരയെ സംഘ്പരിവാര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച സംഭവം കേരളത്തിലേതു മാത്രം. കോഴിക്കോട് കുറ്റ്യാടിയില്‍ സംഘ്പരിവാറുകാര്‍ മുഴക്കിയ മുദ്രാവാക്യം 'ഗുജറാത്ത് മറക്കരുത്' എന്നായിരുന്നു. മഹാത്മജി പിറന്നുവീണ സംസ്ഥാനത്ത്, മോദിയും അമിത് ഷായും ഭരിച്ച കാലത്ത് നടത്തിയ ക്രൂരമായ നരഹത്യകളും ബലാത്സംഗങ്ങളും ഓര്‍മിപ്പിച്ചുകൊണ്ടുള്ള പ്രകടനം മറ്റൊന്ന്.
200 വര്‍ഷങ്ങള്‍ ഇന്ത്യ ഭരിച്ച അധിനിവേശ ശക്തികള്‍ക്കെതിരേ പ്രക്ഷോഭം നയിച്ച് വീരമൃത്യു പ്രാപിച്ച ഏറനാട്ടുകാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍തലമുറക്കാരെയാണ് 2014ല്‍ മാത്രം ഭരണച്ചെങ്കോല്‍ എടുക്കാന്‍ കഴിഞ്ഞ നരേന്ദ്ര മോദിയും സംഘ്പരിവാറും ഭീഷണിപ്പെടുത്തുന്നത്. ആ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാന്‍ നമുക്കാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."