തേക്കുകള്‍ക്ക് ഭീഷണിയായി ഇലതീനി പുഴുക്കളുടെ ആക്രമണം
ജാഫര്‍ കല്ലട
നിലമ്പൂര്‍: സംസ്ഥാനത്തെ തേക്ക് തോട്ടങ്ങളില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം വ്യാപകമാവുന്നു. വനം വകുപ്പിന് ഇതുവഴി ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. തളിരിലകള്‍ തിന്നു നശിപ്പിക്കുന്നതിലൂടെ തേക്കിന്റെ വളര്‍ച്ച 44 ശതമാനം കണ്ട് മുരടിക്കുമെന്ന് വനം ഗവേഷണ വിഭാഗത്തിന്റെ പഠനത്തില്‍ പറയുന്നു. വര്‍ധിച്ച പുഴുശല്യം ജനങ്ങള്‍ക്ക് ഭീഷണിയാണ്്. ചിലന്തി വലപോലയുണ്ടാക്കിയാണ് ഇവയുടെ സഞ്ചാരം. ചിലരില്‍ പുഴുക്കള്‍ അലര്‍ജിക്ക് കാരണമാകും. മഴ ആരംഭിച്ചതുമുതല്‍ ഇവയുടെ ശല്യവും ഏറിയിരിക്കുകയാണ്.
വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ 75,000 രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. ഹിബ്ലിയ പ്യൂറ (ഡിഫോളിയേറ്റര്‍), യുടെക്‌ടോണ മെക്കറാലിസ് (സ്‌കെല്‍ടനൈസര്‍) എന്നിങ്ങനെ രണ്ടിനം പുഴുക്കളാണ് തേക്കിന്റെ ഇല നശിപ്പിക്കുക. ഇല തളിരിടുന്നതോടെയാണ് പുഴു ശല്യം പ്രത്യക്ഷപ്പെടുന്നത്. മുട്ടയിട്ടു വിരിയുന്ന പുഴു ആദ്യത്തെ 15 ദിവസം കൊണ്ടു തന്നെ ഇലകളിലെ ഹരിതകം മുഴുവന്‍ തിന്നുതീര്‍ക്കുന്നു. ലോകപ്രശസ്തമായ നിലമ്പൂര്‍ തേക്കിനും ഇവ ഭീഷണിയാണ്. തേക്കിന്‍ ഇലതീനി പുഴുക്കള്‍ വ്യാപകമായതോടെ കേരള വനം ഗവേഷണ കേന്ദ്രം പുഴുക്കളെ നശിപ്പിക്കുന്ന ജൈവകീടത്തെ വികസിപ്പിച്ചെടുത്തിരുന്നു. വന ഗവേഷണ കേന്ദ്രം നിലമ്പൂര്‍ ശാസ്ത്രജഞനായ ഡോ. സജീവാണ് ജൈവകീടത്തെ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ കീടം വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തിയിരുന്നു. എന്നാല്‍ പുഴുശല്യം പടരുമ്പോഴും വനം വകുപ്പ് ഈ നേട്ടം ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. വനം വകുപ്പ് ആവശ്യപ്പെട്ടാല്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ജൈവകീടത്തെ നല്‍കുമെന്നിരിക്കെ വനം ഉദ്യോഗസ്ഥര്‍ ഇതിന് വൈമനസ്യം കാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."