ഓപ്പറേഷന്‍ താമര പരാജയം; ബി.ജെ.പി എം.എല്‍.എമാര്‍ കര്‍ണാടകയിലേക്ക് മടങ്ങുന്നു
ബംഗളൂരു: എം.എല്‍.എമാരെ സ്വാധീനിച്ച് കോണ്‍ഗ്രസ് -ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഹരിയാന റിസോര്‍ട്ടില്‍നിന്ന് ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ യദ്യൂരപ്പ ബംഗളൂരുവിലേക്കു മടങ്ങി. അവിടെ പാര്‍പ്പിച്ചിട്ടുള്ള മറ്റു ബി.ജെ.പി എം.എല്‍.എമാരും തിരിച്ചെത്തിത്തുടങ്ങി.
മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ തങ്ങുന്ന അഞ്ച് കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്ക് നേതൃത്വം നല്‍കുന്ന രമേഷ് ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് വിളിച്ച് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എം.എല്‍.എ നാഗേഷിനു ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ ധാരണയായിട്ടുണ്ട്. വിമതരെ അനുനയിപ്പിക്കാന്‍ സ്ഥാനത്യാഗത്തിനു തയാറായ അഞ്ച് കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഇന്നു ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണു രാജിക്ക് ഒരുങ്ങിയതെങ്കിലും ഇവര്‍ക്കുപകരം ജയമാല, പുട്ടരംഗ ഷെട്ടി, യു.ടി ഖാദര്‍, ആര്‍.വി ദേശ്പാണ്ഡെ എന്നിവരെയായിരിക്കും ഒഴിവാക്കാന്‍ സാധ്യത.
അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ഓരോരുത്തര്‍ക്ക് 60 കോടി രൂപ വീതം ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് വിവരം.
എന്നാല്‍ അനുനയവും ഇതിന് വഴങ്ങാത്തവര്‍ക്കുനേരെ കടുത്ത ഭീഷണിയും പ്രയോഗിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലേക്ക് പോകാതെ പിടിച്ചു നിര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. ഓപ്പറേഷന്‍ താമരയെ ചെറുക്കാന്‍ ഓപ്പറേഷന്‍ സേവ് കര്‍ണാടകയുമായാണ് കോണ്‍ഗ്രസ് നേരിട്ടത്.
ഇന്നലെ ബംഗളൂരുവില്‍ തിരിച്ചെത്തിയ യദ്യൂരപ്പ, കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പറഞ്ഞു.
ഒരാഴ്ചക്കുള്ളില്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രി രാം ഷിണ്ഡെയും ദക്ഷിണ കന്നഡ എം.പി നളിന്‍കുമാര്‍ കട്ടീലും പറഞ്ഞിരുന്നത്.
എന്നാല്‍ സര്‍ക്കാരിനെ വീഴ്ത്താനില്ലെന്നും കാത്തിരുന്നു കാണുകയെന്ന തന്ത്രമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നുമാണ് ബി.ജെ.പി നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയത്. പാര്‍ട്ടി എം.എല്‍.എമാരെ വശത്താക്കാന്‍ എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ശ്രമത്തെ തുടര്‍ന്നാണ് ഇവരെയെല്ലാം ഗുഡ്ഗാവിലേക്ക് മാറ്റിയതെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."