റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 മരണം
ധാക്ക: ബംഗ്ലാദേശ് തീരത്ത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 മരണം. 44 പേരെ കാണാതായി. മരംകൊണ്ടുള്ള ബോട്ടില്‍ വഹിക്കാവുന്നതിലധികം യാത്രക്കാരുണ്ടായിരുന്നതായി ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്നു മലേഷ്യ ലക്ഷ്യമിട്ട് പോകുന്ന ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടല്‍ മുറിച്ചുകടക്കുന്നതിനിടെ മറിഞ്ഞത്. 15 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 130 പേരുണ്ടായിരുന്നതായി തീരദേശസേനാ വക്താവ് ഹാമിദുല്‍ ഇസ്ലാം പറഞ്ഞു. അതില്‍ 71 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരെ സഹായിക്കാന്‍ തയാറാണെന്ന് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനയും യു.എന്‍ അഭയാര്‍ഥി കാര്യ ഏജന്‍സിയും പറഞ്ഞു.
ബംഗ്ലാദേശിലെ കോക്സ്ബസാറിലുള്ള ക്യാംപുകളില്‍ നരകയാതന അനുഭവിക്കുന്ന റോഹിംഗ്യരില് നിരവധിപേര്‍ ബോട്ടില്‍ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. 10 ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലിംകളാണ് മൂന്നുവര്‍ഷമായി കോക്സ് ബസാറിലെ ക്യാംപുകളില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 500 റോഹിംഗ്യരെ ബംഗ്ലാദേശ് തീരദേശ സേന പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."