വരുന്നു, ആകാശത്ത് അപൂര്‍വ ഗ്രഹസംഗമം
ശംസുദ്ദീന്‍ ഫൈസി
മലപ്പുറം: ദൃശ്യവിസ്മയമൊരുക്കി ആകാശത്ത് വീണ്ടും അപൂര്‍വ ഗ്രഹസംഗമം. ഈമാസം 19, 20 തിയതികളിലായിരിക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും പുറമെ ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന അപൂര്‍വ ദൃശ്യം കാണാനാവുക.
പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പ് കിഴക്കന്‍ ചക്രവാളത്തോടു ചേര്‍ന്നാണ് ഈ ദൃശ്യവിരുന്ന് കാണാനാവുകയെന്ന് അമേച്വര്‍ ആസ്‌ട്രോണമര്‍ ഇല്യാസ് പെരിമ്പലം അറിയിച്ചു.
19ന് ബുധനാഴ്ച്ച ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. നിത്യവും ഏകദേശം 13 ഡിഗ്രി വീതം കിഴക്കോട്ട് നീങ്ങുന്ന ചന്ദ്രനെ 20നു കാണുക വ്യാഴത്തിനും ശനിക്കുമിടയിലായിരിക്കും. പുലര്‍ച്ചെ 5.30 മുതല്‍ 6.00 മണി വരെ ഈ മനോഹര ദൃശ്യം ആകാശത്ത് കാണാം.
കിഴക്കു ദിശയില്‍ ചക്രവാളം വരെ കാണാവുന്ന പ്രകാശമലിനീകരണം ഇല്ലാത്ത സ്ഥലമായിരിക്കണം ഈ അപൂര്‍വ ഗ്രഹസംഗമ നിരീക്ഷണത്തിന് തെരഞ്ഞെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."