ഒളിപ്പിച്ചുകടത്തിയ 2.5 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
നിലമ്പൂര്‍: വിദേശത്തുനിന്ന് ഒളിപ്പിച്ചു കടത്തിയ നിലയില്‍ രണ്ടര കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ നിലമ്പൂരില്‍ പിടിയില്‍. മണാര്‍ക്കാട് പെരുമ്പിടാരി സ്വദേശി നെല്ലിക്കാവട്ടയില് മുജീബ് റഹ്മാന് (42), പട്ടാമ്പി വിളയൂര്‍ വെസ്റ്റ് സ്വദേശി മൂളാക്കല് വിനീഷ് (26) എന്നിവരെയാണ് നിലമ്പൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായത്. വിദേശത്തുനിന്ന് ഇലക്ട്രോണിക് ഉപരണങ്ങള്ക്കുള്ളില് ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം ഇവരില്‍നിന്നു കണ്ടെടുത്തു. സ്വര്‍ണത്തിന് 80 ലക്ഷം രൂപ വിലവരും. രണ്ടു സ്വര്‍ണക്കട്ടികള്‍ വീതമാണ് പിടികൂടിയത്. വിനീഷ് ദുബൈയില്‍നിന്നു കൊണ്ടുവന്നു മുജീബ് റഹ്മാന് കൈമാറുന്നതിനിടയിലാണ് പൊലിസ് പിടികൂടിയത്. വിദേശനിര്‍മിത ഹോം തിയറ്ററിന്റെ വൂഫറിനുള്ളില് ഒളിപ്പിച്ചു പായ്ക്കുചെയ്ത നിലയിലായിരുന്നു ഇത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാണ് ഇത്രയും തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ ജില്ലയിലെത്തിച്ചത്. ദുബൈ-ഒമാന്‍ വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ വിനീഷ് കാര്‍ മാര്‍ഗമാണ് നിലമ്പൂരിലെത്തിയത്. കാറില്‍ മറ്റു ചിലരും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം റവന്യൂ ഇന്റലിജന്‍സിനു കൈമാറുമെന്നാണ് സൂചന. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ സി.പി മുരളി, എന്‍.ടി ശ്രീകുമാര്‍, എം. മനോജ് കുമാര്‍, സക്കീര്‍ അലി, സത്യനാഥന്, ശശി കുണ്ടറക്കാട്, കരിപ്പൂര്‍ സ്റ്റേഷനിലെ എ.എസ്.എ സുനില്‍ കുമാര്‍, പ്രദീപ് കുമാര്‍, മാത്യൂസ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."