വിശ്വാസികള്‍ പാപമോചനത്തിന്റെ പത്തില്‍
കണ്ണൂര്‍സിറ്റി: കാരുണ്യത്തിന്റെ മാലാഖമാര്‍ വിണ്ണിലിറങ്ങിയ വിശുദ്ധ റമദാന്റെ ആദ്യ പത്തിന് പരിസമാപ്തി. ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പാപമോചന പ്രാര്‍ഥനകളുടേതാകും. റമദാന്‍ ആദ്യപത്ത് കാരുണ്യത്തിന്റേതും(റഹ്മത്ത്) രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും(മഗ്ഫിറത്ത്) മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണെന്നാണ് പ്രവാചക വചനം. കഴിഞ്ഞകാലങ്ങളില്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സര്‍വശക്തന് മുന്നില്‍ നിരത്തി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പാപമോചനം തേടേണ്ട നാളുകളാണ് വിശ്വാസികള്‍ക്ക് റമദാനിലെ രണ്ടാമത്തെ പത്ത്. തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പിരക്കാന്‍ റമദാനിനേക്കാള്‍ സ്രേഷ്ഠമായ സമയം വേറെയില്ലെന്നാണ്. അതില്‍ തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നത്. 'ലോകരക്ഷിതാവേ, എന്റെ പാപങ്ങള്‍ നീ മാപ്പാക്കണേ..' എന്നര്‍ഥംവരുന്ന പ്രാര്‍ഥനാവചനങ്ങള്‍ രണ്ടാമത്തെ പത്തില്‍ നമസ്‌കാര ശേഷവും മറ്റും വിശ്വാസികളുടെ ചുണ്ടില്‍ നിറഞ്ഞുകൊണ്ടിരിക്കും. തിന്മക്കെതിരായ നന്മയുടെ വിജയം, വിശുദ്ധ ബദര്‍ യുദ്ധം നടന്നതും റമദാനിലെ രണ്ടാമത്തെ പത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബി സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധയുദ്ധമാണ് ബദര്‍. റമദാന്‍ പതിനേഴിനായിരുന്നു ഇത്. ഇതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് ബദര്‍ദിനം. ഈ ദിനത്തില്‍ പള്ളികളില്‍ ബദര്‍മൗലീദ് (പ്രകീര്‍ത്തനം) പാരായണം നടക്കും. പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും ഉണ്ടാകും. സ്മരണകള്‍ അയവിറക്കി വിശ്വാസികള്‍ അന്ന് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."