ആള്‍ക്കൂട്ട കൊലപാതകം: മധുവിന്റെ വീട്ടില്‍ പ്രതികളെത്തിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് നാട്ടുകാരും പൊലിസും
അഗളി : ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ വീട്ടുകാര്‍ക്ക് ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് ആദിവാസികളും പൊലിസും. അട്ടപ്പാടി മുക്കാലിയിലെ ചിണ്ടക്കിയില്‍ താമസിക്കുന്ന മധുവിന്റെ അമ്മക്കും സഹോദരിക്കും ഭീഷണിയുണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന ത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങളും പ്രദേശത്തെ ആദിവാസി കുടുംബങ്ങളും സുപ്രഭാതത്തോടു വ്യക്തമാക്കി. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ നടന്നുവരികയാണ്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളില്‍ ചിലര്‍ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടില്‍ വന്നിരുന്നുവെന്നത് സാങ്കല്‍പ്പികം മാത്രമാണെന്നാണ് പ്രതികളും വിശദീകരിക്കുന്നത്. കാരണം മധുവിന്റെ സഹോദരിയേയും അമ്മയേയും പ്രതികളും അവരുടെ വീട്ടൂകാരുമൊക്കെ മുക്കാലി അങ്ങാടിയില്‍ വെച്ച് സ്ഥിരമായി കാണുന്നവരും പരിചയമുള്ളവരുമാണെന്നരിക്കെ ഭീഷണിപ്പെടുത്താനായി വീട്ടില്‍ പ്രതികളെത്തിയെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് സ്ഥാപിത താല്‍പ്പര്യത്തോടെയാണെന്നും പ്രതികള്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ പ്രതികളെന്ന് പൊലിസ് കണ്ടെത്തിയ 11 പേരും മൂന്നുമാസത്തിലധികം ജയില്‍വാസം അനുഭവിച്ച് ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിനെ സ്വാധീനിക്കുന്ന ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് മധുവിന്റെ അയല്‍വാസികളും പറയുന്നത്. മധുവിന്റെ മരണം ഏറെ കോളിളക്കം ഉണ്ടാക്കുകയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദിവാസി സംഘടനകളും മറ്റ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വരികയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതികളെന്ന് പറയുന്നവരെ പൊലിസ് കണ്ടെത്തുകയും ജയില്‍ ശിക്ഷക്കുശേഷം അവര്‍ അട്ടപ്പാടിയില്‍ തന്നെ വിവിധ ജോലികളില്‍ വ്യാപൃതരുമാണ്. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളാണ് തെറ്റായ പ്രചരണങ്ങള്‍ക്കുപിന്നിലെന്ന് ആദിവാസികളും പ്രതികളുടെ കുടുംബാംഗങ്ങളും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."