പൊലിസിനു നന്ദി; ആദിവാസി കുടിലുകളിലെ സീനയും സിജിനും ഇന്ന് സ്‌കൂളിലെത്തും
കാളികാവ്: പൊലീസുകാര്‍ നിയമം കാക്കാന്‍ മാത്രമല്ല, ജനങ്ങളുടെ ക്ഷേമവും ഇവരുടെ കൈയില്‍ ഭദ്രം. പൊലിസുകാരുടെ ഇടപെടല്‍ മൂലം പുള്ളിമാന്‍ തരിശിലെ ആദിവാസി കുടിലുകളിലെ സീനയും സിജിനും ഇന്നു സ്‌കൂളിലെത്തും. പുള്ളിമാന്‍ തരിശിലെ ആദിവാസി കോളനിയിലെ ഗോപാലന്റെ മക്കളായ സീനയും സിജിനും സ്‌കൂളില്‍ ഇതേ വരെ പോകാന്‍ കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീന അഞ്ചാം ക്ലാസിലും സിജിന്‍ രണ്ടാം ക്ലാസിലുമാണു പഠിക്കുന്നത്. വേനല്‍ അവധിക്ക് നാട്ടിലെത്തിയ ഇരുവര്‍ക്കും നിലമ്പൂരിലേക്കുള്ള വണ്ടിക്കൂലിയില്ലാത്തതിനാല്‍ സ്‌കൂളിലേക്കു പോകാനായിട്ടില്ല. മഴയെത്തുടര്‍ന്നു കാട്ടുവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വന്നതിനാല്‍ കുടുംബത്തിന്റെ നിത്യജീവിതം തന്നെ പ്രയാസത്തിലാണ്.
പ്രയാസങ്ങള്‍ക്കിടയിലും പത്താം ക്ലാസിലേക്കു വിജയിച്ച ഷിജുവിനെ ഗോപാലന്‍ സ്‌കൂളിലെത്തിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ജോലി കിട്ടിയാല്‍ മറ്റു രണ്ടു കുട്ടികളെ കൂടി വിദ്യാലയത്തിലെത്തിക്കാമെന്നായിരുന്നു ഗോപാലന്റെ കണക്കുകൂട്ടല്‍. ചൊവ്വാഴ്ച ആദിവാസികളുടെ വിവരം അറിയാനായി പുള്ളിമാന്‍ തരിശിലെത്തിയ കാളികാവ് എസ്.ഐ കെ.എ സാബുവിന്റെ നേതൃത്വത്തിലാണു കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനുള്ള നടപടി എടുത്തത്. മൂത്ത കുട്ടിയെ തനിച്ച് ബസ് കയറ്റി വിടുകയാണ് ചെയ്തത്. ഇളയ കുട്ടികളെ അങ്ങിനെ പറ്റാത്തതാണ് പ്രശ്‌നമെന്നാണ് ഗോപാലന്‍ പറയുന്നത്. സീനയേയും സിജിനിനേയും സ്‌കൂളിലേക്കെത്തക്കാനാ യി എസ്.ഐ കെ.എ സാബു ഗോപാലനെ 500 രൂപ ഏല്‍പ്പിച്ചിട്ടുണ്ട്.
സ്‌കൂളിലേക്ക് മടങ്ങിപ്പോകാനാകുന്നതു സീനയേയും സിജിനിനേയും ആഹ്ലാദത്തിലാക്കി. പെട്ടെന്നു തന്നെ സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ ഇരുവരും നടത്തി. രണ്ടു മാസമായി വിട്ടു നിന്ന കൂട്ടുകാരെ കാണാനും പഠനം തുടരാനുമുള്ള തിടുക്കത്തിലാണു സഹോദരങ്ങള്‍. വൈകിയാണെങ്കിലും സഹായിക്കാന്‍ തയ്യാറായ പൊലീസ് മാമന്മാരോട് കുട്ടികള്‍ നന്ദി പ്രകാശിപ്പിച്ചു. പൊലീസുകാര്‍ക്ക് തെങ്ങില്‍ കയറി ഇളനീരിട്ടു നല്‍കിയാണു ഗോപാലനും കുടുംബവും ഹൃദ്യമായ സ്വീകരിച്ചത്.
റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ അരി ഉള്‍പ്പെടെയുള്ള സഹായം പുള്ളിമാന്‍ തരിശില്‍ താമസിക്കുന്ന ഗോപാലനും സഹോദരന്‍ മനോജിന്റെ കുടുംബത്തിനും ലഭിക്കുന്നില്ല. കൂലിപ്പണി എടുത്തു കിട്ടുന്ന വരുമാനം കൊണ്ടു ഭക്ഷണസാധനങ്ങന്‍ക്കു പോലും തികയാത്ത സ്ഥിതിയാണുള്ളത്. റേഷന്‍ കാര്‍ഡ് ഇല്ലാത്തത് അടക്കമുള്ള പ്രയാസങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നുപൊലീസ് സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."