HOME
DETAILS
MAL
മോദിക്ക് എന്തുകൊണ്ട് 'നെഹ്‌റുമാനിയ' ?
backup
February 16 2020 | 00:02 AM
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിചിത്രമായ നാഢീവ്യൂഹ പ്രശ്‌നമുണ്ടോ, നെഹ്‌റുയിറ്റിസ് എന്നുവിളിക്കാവുന്ന പ്രത്യേക അവസ്ഥ ? രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള 100 മിനുട്ട് നന്ദിപ്രകടനത്തില്‍ 23 തവണ നെഹ്‌റുവിനെ പരാമര്‍ശിക്കാന്‍ മാത്രം വട്ടുണ്ടോ അദ്ദേഹത്തിന് ? കോണ്‍ഗ്രസിലെ മറ്റുള്ളവരുമായി ജനാധിപത്യരീതിയില്‍ ആരോഗ്യപരമായ സംവാദം നടത്താതെ അദ്ദേഹം രാഹുല്‍ ഗാന്ധിയെ മാത്രം ലക്ഷ്യംവച്ച് പരിഹാസം ചൊരിയുന്നത് എന്തുകൊണ്ടാണ് ? അതും പേരുപോലും ഉച്ചരിക്കാതെ. ഈ മൂന്നു ചോദ്യത്തിനുമുള്ള ഉത്തരം ഇല്ല എന്നാണ്. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ഇവ്വിധം പെരുമാറുന്നത്. സമൂഹമാധ്യമങ്ങളില്‍ മോദി വിമര്‍ശകര്‍ എപ്പോഴും ഇതുപറഞ്ഞാണ് അദ്ദേഹത്തെ പരിഹസിക്കുന്നത്. മോദിയുടെ നേതൃത്വത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതു നെഹ്‌റുവിന്റെ കുഴപ്പമാണ്. മോദിയെ അക്കാര്യത്തില്‍ പഴിചാരേണ്ടതില്ല !. നാലാമതൊരു ചോദ്യംകൂടി ഇതില്‍ ഉള്‍പ്പെടുത്താം. പക്ഷേ, അത് മനഃപൂര്‍വം ഈ ലേഖനത്തിന്റെ അവസാന ഭാഗത്തേക്ക് മാറ്റുകയാണ്.
നരേന്ദ്ര മോദിയുടെ എല്ലാ പ്രസ്താവനകളും പരിശോധിക്കാം. അത് അലസമായി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പാര്‍ലമെന്റില്‍ എഴുതിക്കൊണ്ടുവന്ന് പറഞ്ഞതാണെങ്കിലും അതിലെല്ലാം ആവര്‍ത്തിച്ചുവരുന്ന വിഷയം നെഹ്‌റുവാണ്. ഇത്തവണ 23 തവണ നെഹ്‌റുവിനെ പരാമര്‍ശിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ 2014 മുതലുള്ള ഏതു വര്‍ഷമെടുത്താലും നൂറോ അതില്‍ കൂടുതലോ തവണ നെഹ്‌റുവിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 2018ല്‍ നടന്ന കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മോദി നെഹ്‌റുവിനെ കുറ്റപ്പെടുത്തി മുന്നോട്ടുവന്നിരുന്നു. 1957-61 കാലത്തെ ആര്‍മി ചീഫായിരുന്ന ജനറല്‍ കെ.എസ് തിമയ്യയെ അപമാനിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം. തിമയ്യ കര്‍ണാടകയിലെ കൊടവയോ, കൂര്‍ഗിയോ ആയിരുന്നു എന്നതുകൊണ്ടാണ് മോദി അതു പറഞ്ഞത്. എന്നാല്‍ എല്ലാം നെഹ്‌റുവിന്റെ കുറ്റമാണെന്നു പറഞ്ഞ് മോദിയെ നാം ആക്ഷേപിച്ചാല്‍ അദ്ദേഹത്തിനു യാതൊരു പ്രശ്‌നവുമില്ലെന്നതാണു വാസ്തവം. കാരണം അത് അങ്ങനെ തന്നെയാണെന്ന് അദ്ദേഹവും വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ മോശമായി ഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും ഉദാഹരണത്തിന്, കശ്മിര്‍ മുതല്‍ ചൈന വരെയും പൊതുമേഖല മുതല്‍ തൊഴിലില്ലായ്മ വരെയും മോദിയുടെ ലോകകാഴ്ചയില്‍, നെഹ്‌റുവിന്റെ മാത്രം പിഴയാണ്.
മോദി-ഷാ ദ്വന്ദത്തെ വിശകലനം ചെയ്യുമ്പോള്‍ പഴയകാല പണ്ഡിറ്റുകളുടെയും നമ്മുടെയും ഏറ്റവും വലിയ തെറ്റ് എന്നത്, മാതൃക എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നതാണ്. മോദിയും ഷായും അങ്ങനെയുള്ളവരല്ല. അതായത് അവര്‍ അതിവിശിഷ്ടരല്ലെന്ന് അര്‍ഥം. ബി.ജെ.പി, ജനസംഘ്, ആര്‍.എസ്.എസ് തുടങ്ങി എന്തും അവരെ വിളിക്കാം. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍.കെ അദ്വാനി എന്നിവരുടെ കാലത്ത് കാണാന്‍ കഴിഞ്ഞത് ഒരു വ്യതിചലനമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ആളെന്ന നിലയില്‍ അവരും പഴയ മാതൃകയിലാണ് കാര്യങ്ങളെ നിര്‍വചിച്ചിരുന്നത്. എന്നാല്‍ മോദിയും ഷായും വരുന്നത് നെഹ്‌റുവിയന്‍ സ്‌കൂളില്‍ നിന്നാണ്. പക്ഷേ, ആ ഗൃഹാതുരതയോടെയും ആരാധനയോടെയും അല്ല അവരുടെ വരവ് എന്നുമാത്രം.
1947ല്‍ ഇന്ത്യയുടെ ഭരണനേതൃത്വം നെഹ്‌റുവിനു നല്‍കരുതെന്നും അദ്ദേഹം അത് അര്‍ഹിക്കുന്നില്ലെന്നും ഏറ്റവും അര്‍ഹന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആയിരുന്നുവെന്നും ആര്‍.എസ്.എസ് ആത്മാര്‍ഥമായി ആഴത്തില്‍ തന്നെ വിശ്വസിക്കുന്ന കാര്യമാണ്. അധികാരം തട്ടിയെടുത്ത് തന്റെ ലോകപരിചയത്തില്‍ നെഹ്‌റു ഒരു റിപ്പബ്ലിക് നിര്‍മിച്ചെടുക്കുകയായിരുന്നു. ഭരണത്തില്‍ അശോക ചക്രവര്‍ത്തിയെയും അദ്ദേഹത്തിന്റെ സൂക്തങ്ങളും അഹിംസാ സിദ്ധാന്തവുമെല്ലാം ഉപയോഗിച്ചു. ചന്ദ്രഗുപ്ത മൗര്യയെ പോലെ യോദ്ധാവിനെ മാതൃകയാക്കിയില്ല. ഭരണതന്ത്രത്തിനു കൗടല്യന്റെ അര്‍ഥശാസ്ത്രം അടിസ്ഥാനമാക്കിയില്ല എന്നൊക്കെയാണ് നെഹ്‌റുവിനെതിരേയുള്ള ആര്‍.എസ്.എസിന്റെ 'ആരോപണങ്ങള്‍'. ഫലത്തില്‍ വളരെ കുടിലതയോടെ നെഹ്‌റു ഇന്ത്യയെ ഒരു ഹിന്ദുവേതര മാതൃകയിലെത്തിച്ചുവെന്നാണ് ആര്‍.എസ്.എസിന്റെ കണ്ടെത്തല്‍. ന്യൂനപക്ഷ പ്രീണനം, സേനയോടുള്ള അവഗണന, വൈദേശിക ചിന്തകളോടുള്ള അടിമത്വം, സാമ്പദ്മാതൃകകള്‍ തുടങ്ങി എല്ലാത്തിന്റെയും പിന്നില്‍ നെഹ്‌റുവാണെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ നെഹ്‌റുവിന്റെ ചുറ്റും പടര്‍ന്നുപന്തലിച്ച ആ നെഹ്‌റുവിയന്‍ ബുദ്ധിപ്രപഞ്ചം ഇന്ത്യന്‍ ചിന്താധാരയില്‍ ഏഴു പതിറ്റാണ്ടോളം ആധിപത്യം ഉറപ്പിച്ചുവെന്നതാണ് യാഥാര്‍ഥ്യം.
നരേന്ദ്ര മോദിയെയും അമിത് ഷായെയും സംബന്ധിച്ചാണെങ്കില്‍, അവരും അവരുടെ തലമുറയിലുള്ള എല്ലാ ബി.ജെ.പി നേതാക്കളും ഇംഗ്ലീഷിതര പശ്ചാത്തലത്തില്‍ നിന്നും പാശ്ചാത്യരീതികള്‍ അന്യമായ ഒരിടത്തുനിന്നും വരുന്നവരാണ്. അതുകൊണ്ടാണ് ഒരൊറ്റ പ്രസംഗത്തില്‍ 23 തവണ മോദി നെഹ്‌റുവിനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ കൃത്രിമത്വം ഇല്ലാത്തത്. അദ്ദേഹം തന്റെ ഹൃദയം തുറന്നാണ് സംസാരിക്കുന്നത്. വാസ്തവത്തില്‍, നെഹ്‌റുവിലേക്ക് മോദിയുടെ ശ്രദ്ധതിരിയേണ്ട ശരിയായ സമയം ഇതുതന്നെയാണ്.
അപ്രിയമായ പഴയ ചോദ്യങ്ങളുമായി മൂന്നു പുസ്തകങ്ങളാണ് ഈയിടെ പുറത്തിറങ്ങിയിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയത് 'വി.പി മേനോന്‍, ദ അണ്‍സങ് ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ പേരമകള്‍ നാരായണി ബസു എഴുതിയ പുസ്തകമാണ്. അതില്‍ പട്ടേലിനെ തന്റെ ആദ്യ കാബിനറ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കിയ കാര്യം സവിസ്തരിക്കുന്നുണ്ട്. മേനോന്‍ മൗണ്ട്ബാറ്റണ് മുന്നറിയിപ്പ് നല്‍കിയതിന്റെ ഭാഗമായി അദ്ദേഹം ഇടപെട്ടാണ് പട്ടേലിനെ കാബിനറ്റില്‍ എടുത്തത്. ഒരു ദശാബ്ദം മുന്‍പ് 'നെഹ്‌റു: ദി മേക്കിങ് ഓഫ് ഇന്ത്യ' എഴുതിയ എം.ജെ അക്ബറിന്റെ പുതിയ പുസ്തകമായ 'ഗാന്ധീസ് ഹിന്ദുയിസം ദ സ്ട്രഗിള്‍ എഗയ്ന്‍സ്റ്റ് ജിന്നാസ് ഇസ്‌ലാമി'ല്‍ ഇക്കാര്യം കൃത്യമായ പഠനം നടത്തി രേഖകളോടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശിന്റെ വി.കെ കൃഷ്ണമേനോനെ കുറിച്ചുള്ള ജീവചരിത്രത്തില്‍ ഈ രണ്ടു നേതാക്കളെക്കുറിച്ചും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ദേശീയ സുരക്ഷയുടെയും സിവില്‍-മിലിട്ടറി ബന്ധങ്ങളുടെയും കാര്യത്തില്‍ അപ്രായോഗികമായ, വികലമായ നിലപാടുകളാണ് നെഹ്‌റു കൈക്കൊണ്ടതെന്നാണു പറയുന്നത്.
നെഹ്‌റുവിന്റെ കാലത്തെ ശവം തോണ്ടി പുതിയ വിശകലനങ്ങള്‍ കണ്ടെത്തുന്നതാണ് ഇക്കാലത്തിന്റെ അഭിരുചി. ഈ അവസരം എന്തായാലും മോദി കൈവിട്ടുകളയുകയില്ല. പക്ഷേ, അതു മാത്രമാണോ മോദിയുടെ നെഹ്‌റു വിരോധത്തിനുള്ള കാരണം? നെഹ്‌റുവിന്റെ കാലത്തെ കുറ്റങ്ങളും കുറവുകളും ആര്‍.എസ്.എസിന്റെ മനസില്‍ വിട്ടൊഴിയാബാധയാണോ? മോദിയെയും ഷായെയും കുറിച്ച് ഒരുകാര്യം ഉറപ്പാണ്. ഇരുവരും ശുദ്ധവികാരത്തോടെയല്ല കാര്യങ്ങളെ സമീപിക്കുന്നത്. വെറുത ബൗദ്ധികമായ നിര്‍വൃതിക്കോ, രാഷ്ട്രീയാനന്ദത്തിനോ വേണ്ടിയല്ല അവര്‍ തങ്ങളുടെ സമയം പാഴാക്കുന്നത് എന്ന കാര്യം തീര്‍ച്ചയാണ്.
ഇനിയാണ് ആദ്യം ചോദിക്കാതെ ബാക്കിവച്ച നാലാമത്തെ ചോദ്യത്തിന്റെ പ്രസക്തി. 2014 മുതല്‍ മോദിയുടെ രാഷ്ട്രീയസന്ദേശങ്ങളില്‍നിന്ന് മൂന്നു കാര്യങ്ങള്‍ വ്യക്തമാണ്. നെഹ്‌റു-ഗാന്ധി സഖ്യത്തിലെ മറ്റ് അംഗങ്ങളെ മോദി ഒരുപരിധിവരെ വിമര്‍ശിച്ചിട്ടില്ല. അദ്ദേഹം രാജീവ് ഗാന്ധിയെ കുറിച്ച് ഇതുവരെ മിണ്ടിയിട്ടില്ല; രാജീവ് ഗാന്ധിയെന്ന വ്യക്തി ജിവിച്ചിരുന്നില്ലെന്ന പോലെ. അതിനേക്കാള്‍ പ്രധാനം, ഇന്ദിരാ ഗാന്ധിയെക്കുറിച്ച് ഒരു വാക്കുപോലും മോശം പറയാതിരിക്കാന്‍ മോദി ഏറെ ശ്രദ്ധ പുലര്‍ത്തി. അടിയന്തരാവസ്ഥയെ കുറിച്ച് പരമാര്‍ശിക്കാറുണ്ടെങ്കിലും മുതിര്‍ന്ന മിസിസ് ഗാന്ധിയെക്കുറിച്ച് പറയാതിരിക്കാന്‍ മോദി ശ്രമിച്ചു. രാഷ്ട്രീയയുക്തി വച്ച് നോക്കിയാല്‍ അതിന്റെ കാരണങ്ങള്‍ അനായാസം ലഭിക്കും. എല്ലാ നെഹ്‌റു-ഗാന്ധിമാരിലും ഏറ്റവും പ്രശസ്തയാണ് ഇന്ദിരാ ഗാന്ധി. അതിനുള്ള ഉദാഹരണമാണ് സഫ്ദാര്‍ജംഗ് റോഡിലുള്ള വസതിയിലേക്കു വരുന്ന ബസുകളുടെയും അതില്‍ വരുന്ന ആളുകളുടെയും എണ്ണം. ഇന്ദിരാ ഗാന്ധി അവിടെവച്ച് വധിക്കപ്പെട്ടതിനു ശേഷം അവിടം മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. രണ്ടാമത്തെ കാര്യം, സര്‍ക്കാരിലും പാര്‍ട്ടിയിലും ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്ന അധികാരപ്രാപ്തിയും ഇന്ദിരയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള ബഹുമാനവും അവരുടെ പാകിസ്താനോടുള്ള നിലപാടുമൊക്കെ തിരിച്ചറിഞ്ഞ് മോദി അവരെ രഹസ്യമായി ആരാധിക്കുന്നുണ്ടെന്നാണു തോന്നുന്നത്. അതുകൊണ്ടാണ് നെഹ്‌റു കുടുംബത്തിലെ ഇന്ദിരയെ വിമര്‍ശിക്കാത്തത്.
രണ്ടാമതൊരു കാര്യം, അക്കാലത്തെ മറ്റു കോണ്‍ഗ്രസ് നേതാക്കന്‍മാരെ മോദി നിര്‍ലോഭം പ്രശംസിക്കുന്നുണ്ട്. അതു പട്ടേല്‍ മാത്രമല്ല, ലാല്‍ ബഹാദുര്‍ ശസ്ത്രിയെയും ആര്‍.എസ്.എസ് ഇപ്പോള്‍ ദത്തെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ ഒന്നില്‍ കൂടുതല്‍ തവണയാണ് ശാസ്ത്രിയെ പ്രശംസിച്ചത്. രാഗുല്‍ ഗാന്ധിയുടെ പേര് ഒരിക്കല്‍പോലും അദ്ദേഹം എടുത്തുപറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായി മോദി ഇടപെടുന്നുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയുമായി സൗഹൃദത്തോടെ സംവദിക്കാനും ശശി തരൂരിനു മറുപടി കൊടുക്കാനും ഗുലാം നബി ആസാദിനെ പ്രശംസിക്കാനും ദിഗ് വിജയ്‌സിങ്ങുമായി കവിതാ മത്സരത്തില്‍ പങ്കെടുക്കാനുമൊക്കെ മോദിക്കു കഴിയും. ഡോ. മന്‍മോഹന്‍ സിങ്ങിനെ വരെ പണ്ഡിതനെന്നും മഹദ്‌വ്യക്തിയെന്നു പറയാനും മോദിക്കായി. മൂന്നാമതൊരു കാര്യം, നെഹ്‌റുവിന്റെ സമകാലീനരും അദ്ദേഹത്തിന്റെ നിരൂപകര്‍ക്കും വരെ പ്രശംസ വാരിയെറിയാന്‍ മോദി നിരന്തരം ശ്രദ്ധിക്കുന്നുണ്ട്, പ്രത്യേകിച്ചും രാംമനോഹര്‍ ലോഹ്യയെ പ്രശംസിക്കാന്‍.
നമ്മെ സംബന്ധിച്ച് ഇതു നാലാമത്തെ ചോദ്യത്തിനുള്ള ഉത്തരമാവുകയാണ്. എന്തുകൊണ്ടാണ് മോദി നെഹ്‌റുവിനെ മാത്രം ആക്രമിക്കുന്നത് ? ഒരുനിലയ്ക്ക് അതു ശുദ്ധമായ രാഷ്ട്രീയമാണ്. കാരണം മോദി വിശ്വസിക്കുന്നത്, കോണ്‍ഗ്രസ് നിലകൊള്ളുന്നത് നെഹ്‌റു സാമ്രാജ്യത്വത്തിന്റെ മേലെയാണ്. അതാണെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്ന നെഹ്‌റുവിന്റെ ലോകവുമാണ്. അതിനെ ചെത്തിക്കളഞ്ഞാല്‍ ഗാന്ധികുടുംബവും പാരമ്പര്യമായി ലഭിച്ച ആശയങ്ങളും പാര്‍ട്ടിയും ക്ഷയിക്കുമെന്ന് മോദി വിശ്വസിക്കുന്നു. മറ്റു നേതാക്കള്‍, ചെറിയ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയെല്ലാം മോദിയെ സംബന്ധിച്ചിടത്തോളം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള നടപടികളില്‍ മോദി തനിക്കുള്ള സ്ഥാനവും കണ്ടെത്തും. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ആര്‍.എസ്.എസ് ആശയങ്ങള്‍ കൊണ്ട് ഇന്ത്യയെ പുനര്‍നിര്‍മിക്കും. അതാണ് നെഹ്‌റുവിന്റെ കുഴഞ്ഞുമറിഞ്ഞ അശോകനില്‍ നിന്ന് വിജയശ്രീയായ കൗടല്യനിലേക്കുള്ള ഒരു മാറ്റം.
(ദ പ്രിന്റിന്റെ ചീഫ് എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."