HOME
DETAILS
MAL
ജനതാ മാലിക് ഹൈ
backup
February 16 2020 | 00:02 AM
ഇന്ത്യാ മഹാരാജ്യത്തെ സാമുദായികമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ ഒരുവശത്തും അതിനെതിരേയുള്ള ജീവന്മരണപ്പോരാട്ടം മറുവശത്തും അതിതീവ്രമായി നടക്കുന്നതിനിടയിലാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി ചെറിയ സംസ്ഥാനമാണ്, പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത, നല്ലൊരു പങ്കും കേന്ദ്രനിയന്ത്രണത്തിലുള്ള പ്രദേശം. അത്തരമൊരിടത്തെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെ സാധാരണനിലയില്‍ കാര്യമായി ബാധിക്കില്ല.
കശ്മിരിനു പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിലും പൗരത്വനിയമം ഭേദഗതി ചെയ്തതിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിലും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബി.ജെ.പിയും. പക്ഷേ, ആ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തിപരീക്ഷണമല്ല അവിടെ നടന്നത്. സി.എ.എയും എന്‍.ആര്‍.സിയുമൊക്കെ നടപ്പാക്കേണ്ടതു തന്നെയാണ് എന്നാണ് ജനപക്ഷമെങ്കില്‍ ഡല്‍ഹിയില്‍ സീറ്റുകള്‍ തൂത്തുവാരേണ്ടിയിരുന്നത് ബി.ജെ.പിയാണ്. വെറും ഒരു വര്‍ഷം മുന്‍പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റും സ്വന്തമാക്കിയ ബി.ജെ.പിക്ക് ആ സംസ്ഥാനത്തു നല്ല വേരോട്ടമുണ്ടെന്നു സമ്മതിക്കാതെ തരമില്ലല്ലോ.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണ, ഫാസിസ്റ്റ്, ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണു ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചതെങ്കില്‍ ആ നയങ്ങള്‍ക്കെതിരേ ശക്തിയുക്തം പോരാടുകയാണെന്നു തോന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയ കോണ്‍ഗ്രസ് വിജയശ്രീലാളിതമാകേണ്ടതായിരുന്നു. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ നീണ്ട പതിനഞ്ചു വര്‍ഷം ആ സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്ക് അവിടെ വേരില്ലെന്നു പറയാനാകില്ലല്ലോ.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പദവിയില്ലെങ്കിലും പടനായകനായ രാഹുല്‍ ഗാന്ധിയും ഭാവിപ്രതീക്ഷയായി കോണ്‍ഗ്രസുകാര്‍ കാണുന്ന പ്രിയങ്കാ ഗാന്ധിയും വോട്ടര്‍മാരായ, ഈ മൂന്നു നേതാക്കളും നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടം നയിച്ച സംസ്ഥാനമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഡല്‍ഹിക്ക്. അതിനും പുറമെ സി.ഐ.എക്കെതിരേ വീട്ടമ്മമാര്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ തട്ടകം കൂടിയാണ് ഡല്‍ഹി. മറ്റെവിടെയും ജയിച്ചില്ലെങ്കിലും ഷഹീന്‍ബാഗുള്ള ഓഖ്‌ലയില്‍ വെന്നിക്കൊടി പാറിക്കേണ്ടതായിരുന്നു കോണ്‍ഗ്രസ്.
എന്നിട്ടും ഡല്‍ഹി പിടിച്ചടക്കിയത് ആം ആദ്മി പാര്‍ട്ടി. എന്തുകൊണ്ട് ?
ആപ് നേതാക്കള്‍ അവകാശപ്പെടുന്നത് കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവവും കഴിഞ്ഞ അഞ്ചുവര്‍ഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുമാണ് വോട്ടായി മാറിയതെന്നാണ്.
തോറ്റിട്ടും ബി.ജെ.പിക്കാര്‍ പറഞ്ഞുവിശ്വസിപ്പിക്കാന്‍ പാടുപെടുന്നത്, തങ്ങള്‍ നടപ്പാക്കിയ സി.എ.എയെയും തങ്ങള്‍ പിന്‍വലിച്ച 370ാം വകുപ്പിനെയും എതിര്‍ത്ത കോണ്‍ഗ്രസിനെ ഡല്‍ഹിക്കാര്‍ പരാജയപ്പെടുത്തിയെന്നും അവയെ എതിര്‍ക്കാതിരുന്ന എ.എ.പിയെ വിജയിപ്പിച്ചുവെന്നുമാണ്. സ്ത്രീകള്‍ക്ക് ബസ്‌യാത്ര സൗജന്യമാക്കിയതു പോലുള്ള ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നയങ്ങള്‍ നടപ്പാക്കിയപ്പോള്‍ ജനം അതുകൂടി കണക്കിലെടുത്ത് അവര്‍ക്കു വോട്ട് ചെയ്തുവെന്നു മാത്രം. ഫലത്തില്‍ മോദിയുടെ നയങ്ങളെ ജനം അംഗീകരിക്കുകയാണു ചെയ്തതെന്നാണ് ബി.ജെ.പിക്കാരുടെ അവകാശവാദം.
രാഷ്ട്രീയക്കാരുടെ കാമ്പും കഴമ്പുമില്ലാത്ത അവകാശവാദങ്ങള്‍ നമുക്കു തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലല്ലോ. അതിനാല്‍ അവ അവഗണിക്കാം.
സത്യത്തില്‍ എന്താണു സംഭവിച്ചിരിക്കുക ?
ഇവിടെയാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിധീഷ്‌കുമാര്‍ നടത്തിയ പ്രതികരണം അര്‍ഥവത്താകുന്നത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ''ജനതാ മാലിക് ഹൈ.''
ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ തീരുമാനിക്കും, ആരു ജയിക്കണമെന്നും ആരു ഭരിക്കണമെന്നും. അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ അവര്‍ തീര്‍ച്ചയായും നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും കൂട്ടിക്കിഴിക്കും. തങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷത്തു നില്‍ക്കുന്നവനു ശത്രുവിനെ നിലംപരിശാക്കാനുള്ള ശേഷിയുണ്ടോയെന്നു പരിശോധിക്കും.
കോണ്‍ഗ്രസിന് ആ മിടുക്കുകാട്ടാന്‍ കഴിഞ്ഞോയെന്നതാണു പ്രസക്തമായ ചോദ്യം. സി.എ.എയെയും എന്‍.ആര്‍.സിയെയും എതിര്‍ക്കുന്ന ഡല്‍ഹിയിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്തിരുന്നുവെന്നു വയ്ക്കുക. അങ്ങനെയെങ്കില്‍, എന്തു സംഭവിക്കുമായിരുന്നു ? ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്നുറപ്പ്. നേട്ടം ബി.ജെ.പിക്കായിരിക്കും.
സ്വാഭാവികമായും, ഡല്‍ഹിയിലെ ജനങ്ങളില്‍ ബി.ജെ.പിയുടെ ആശയങ്ങളെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്യുന്നവര്‍ നിഷ്പക്ഷമായി മനസില്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തിക്കാണണം, ആരെ പിന്തുണച്ചാലാണ് ബി.ജെ.പിയെ തടയാനാവുകയെന്ന്. ശക്തനായ നേതാവിന്റെ കീഴില്‍ അടിയുറച്ചു നില്‍ക്കുന്ന, നേതാക്കള്‍ പരസ്പരം കുതികാല്‍ വെട്ടാത്ത ആം ആദ്മി പാര്‍ട്ടിക്ക് അവര്‍ മാര്‍ക്ക് കൊടുത്തിരിക്കും.
നിങ്ങള്‍ ജയിച്ചാല്‍ ആരു മുഖ്യമന്ത്രിയാകുമെന്ന കെജ്‌രിവാളിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. അതേ അവസ്ഥ തന്നെയായിരുന്നില്ലേ കോണ്‍ഗ്രസിനും. ആരെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത്. ആരായിരുന്നു അവരുടെ പടത്തലവന്‍ ?
തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് വക്താവ് ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിച്ച ചോദ്യം ഏറെ പ്രസക്തമാണ്. 'ബി.ജെ.പിയെ തോല്‍പ്പിക്കേണ്ട ചുമതല നമ്മള്‍ മറ്റു പാര്‍ട്ടികള്‍ക്കു നല്‍കിയോ. ഇല്ലെങ്കില്‍ എന്തിനാണ് ആപ്പിന്റെ വിജയത്തില്‍ കോണ്‍ഗ്രസുകാര്‍ അഹങ്കരിക്കുന്നത്. ഉത്തരം അതെ എന്നാണെങ്കില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുന്നതാണ് നല്ലത്.'
ഈ ചോദ്യവും ഓര്‍മപ്പെടുത്തലും തീര്‍ച്ചയായും കോണ്‍ഗ്രസ് നേതാക്കളില്‍ വീണ്ടുവിചാരത്തിനു വഴിയൊരുക്കേണ്ടതാണ്. ജംബോ കമ്മിറ്റികള്‍ രൂപീകരിച്ച്, കടിപിടി കൂടി അതില്‍ കയറിപ്പറ്റി, ഇസ്തിരി ചുളിയാത്ത കുപ്പായമിട്ട് പ്രസംഗിച്ചു നടന്നാല്‍ ജനം ഗൗനിക്കില്ല. അതിനു ജനത്തിന്റെ വിശ്വാസമാര്‍ജിക്കണം. അവരുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ കഴിയണം.
രാജ്യം അതിഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ പൗരന്മാരാണെന്നു തെളിയിക്കാന്‍ അലയേണ്ട ഗതികേട് ലോകത്ത് മറ്റൊരു ജനതയ്ക്കും ഉണ്ടായിട്ടില്ല. ഒന്നുകില്‍ പൗരത്വത്തിനു പുറത്ത്, അല്ലെങ്കില്‍ ഭരിക്കുന്നവന്റെ ദയാവായ്പ്പില്‍ മാത്രം പൗരത്വം എന്ന നിവൃത്തികേടിലേയ്ക്കു നയിക്കപ്പെടുന്ന ജനത എന്നും തേടുന്നത് തങ്ങള്‍ക്കു വിശ്വസിച്ച് ആശ്രയിക്കാവുന്ന രക്ഷകനെയായിരിക്കും.
ജനാധിപത്യത്തിന്റെ ശരിയായ യജമാനന്മാര്‍ തങ്ങള്‍ തന്നെയാണെന്നു ജനത്തിന് അറിയാം. സമ്മതിദാനാവകാശം വിനിയോഗിക്കുന്ന സന്ദര്‍ഭത്തില്‍ അതെങ്ങനെ വിനിയോഗിക്കണമെന്നും അവര്‍ക്കറിയാം. ജനങ്ങളെന്ന യജമാനന്മാരെ ശരിയായ അര്‍ഥത്തില്‍ സേവിക്കാന്‍ തയാറായാല്‍ മതി പാര്‍ട്ടികളും നേതാക്കളും.
അതിനു തയാറാകാത്തവരെ ജനം അരിഞ്ഞുവീഴ്ത്തും. അതിനു കൊള്ളാത്തവരെ ചവിട്ടിമെതിക്കും.
ജനതാ മാലിക് ഹൈ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."