ബോണക്കാടിന്റെ സ്വന്തം പ്രേതബംഗ്ലാവ്
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്നേ പല വാര്‍ത്താ ചാനലുകളിലും നിറഞ്ഞുനിന്ന ഒന്നായിരുന്നു ബോണക്കാട് പ്രേതബംഗ്ലാവ്. അന്ന് മുതല്‍ ഇന്ന് വരെ ഗൂഗിളിന്റെ സെര്‍ച്ച് റിസള്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന most haunted place in kerala ആണ് ബോണക്കാട്ടെ പ്രേതബംഗ്ലാവ്. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ പൂട്ടിപ്പോയ മഹാവീര്‍ ടീ ഫൗണ്ടേഷന്റെ ഇരുളടഞ്ഞ ഫാക്ടറി കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴികള്‍ ആളനക്കം വരുന്നത് അഗസ്ത്യാര്‍കൂടം സീസണില്‍ മാത്രമാണ്. കാരണം വെറും ഇരുന്നൂറില്‍ താഴെ മാത്രം ജനങ്ങള്‍ താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം മാത്രമാണ് ഇവിടം. ദിവസവുമുള്ള മൂന്നു കെ.എസ്.ആര്‍.ടി സര്‍വീസിനപ്പുറം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ തോട്ടം തൊഴിലാളികള്‍.
ഇക്കഥ കേട്ടോളൂ...-
ബോണക്കാടിനെ പ്രശസ്തമാക്കുന്നതൊക്കെയും ഇവിടുത്തെ പ്രേതബംഗ്ലാവാണ്. ഗതികിട്ടാതെ അലയുന്ന 13 കാരിയുടെ ആത്മാവുറങ്ങുന്ന പ്രേതഭവനം. 1951ല്‍ ബ്രിട്ടിഷുകാരനായ എസ്റ്റേറ്റ് മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നതിനായി പണികഴിപ്പിച്ച പാശ്ചാത്യ രീതിയിലുള്ള ഒരു കെട്ടിടം. കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബത്തിലെ 13 വയസുകാരിയായ പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് മാനേജറും കുടുംബവും ഇന്ത്യയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് തിരിച്ച് അവരുടെ നാട്ടിലേക്ക് പോയി.
എന്നാല്‍ പോയതിനു ശേഷവും ആ 13 വയസുകാരിയുടെ ദുരാത്മാവ് അവിടെ തന്നെ അലഞ്ഞുതിരിഞ്ഞു ബോണക്കാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. ഇന്നും പലപ്പോഴും രാത്രി സമയങ്ങളില്‍ പൊട്ടിച്ചിരികളും ജനല്‍ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ട് കൊണ്ടേ ഇരിക്കുന്നു. വിറകു ശേഖരിക്കാനായി അവിടേക്ക് പോയ ഒരു പെണ്‍കുട്ടി ഒരിക്കല്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടു ഭയന്ന് തിരിച്ചുവന്നപ്പോള്‍ അസാധാരണമായി ഇംഗ്ലീഷ് ഭാഷ അനയാസമായി സംസാരിക്കുകയും അധികനാളില്ലാതെ അവള്‍ മരിക്കുകയും ചെയ്തു എന്നും പറഞ്ഞു കേട്ടു.
യാഥാര്‍ഥ്യം കൂടി
അറിയണേ...
കേള്‍ക്കുമ്പോള്‍ ഒടുക്കത്തെ ക്യുരിയോസിറ്റി തരുന്ന ഈ കഥകളുമായി വേറെ ഏതു നാട്ടിലേക്കു പോയാലും ബോണക്കാട് മാത്രം പോകരുത്. കാരണം വര്‍ഷങ്ങള്‍ക്കു മുന്നേ വഴിതെറ്റി വന്ന ഏതോ മാധ്യമപ്രവര്‍ത്തകന്റെ കാല്‍പനികതയുടെ കഥയ്ക്കുമപ്പുറം ഇവിടെ 13 കാരിയുടെ പ്രേതവുമില്ല, നിങ്ങളെ ശല്യം ചെയ്യുന്ന ഒന്നും തന്നെ ഉണ്ടാവില്ല. കോമ്പൗണ്ടിനുള്ളിലേക്ക് കടന്നുചെല്ലുമ്പോള്‍ ആരുമൊന്നു സംശയിക്കും. ഇീിഷൗൃശിഴ സീരിസ് സിനിമകളില്‍ കാണാന്‍ സാധിക്കുന്ന തരം ഒരു ബംഗ്ലാവ് (കഥകള്‍ക്കും അതേ സാമ്യത തോന്നി). അവിടെ പ്രേതമില്ല എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ പോലും സംശയിക്കും. 'ശെടാ ഇത്ര പൊളി ബംഗ്ലാവില്‍ എന്തേ പ്രേതങ്ങള്‍ പോലും കൊതിക്കില്ലേ താമസിക്കാന്‍' എന്ന്. പൂര്‍ണമായും വൈദേശികമായ രീതിയില്‍ നിര്‍മിക്കപ്പെട്ട ബംഗ്ലാവിന്റെ മുന്‍ വശത്തായി ചെറിയൊരു ഹാള്‍. അവിടെയൊരു കസേര വലിച്ചിട്ടു മുന്നിലേക്ക് നോക്കിയിരുന്നാല്‍ ബോണക്കാടിന്റെയും, പേപ്പാറ ഡാമിന്റെയും മനോഹരമായ ഒരു വ്യു കിട്ടും. മൂന്ന് ബെഡ്‌റൂമും കിച്ചണും ഹാളും നെരിപ്പോടുമെല്ലാം ഉള്‍പ്പെടുന്ന ഒരു കുഞ്ഞു ബംഗ്ലാവ്. അവിടെ താമസിച്ചിരുന്നവര്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ എന്ന് തോന്നിപ്പോയി.
ഇന്നിപ്പോള്‍ ഇവിടെ സാമൂഹികവിരുദ്ധരുടെ താവളമാണ്. പലപ്പോഴും മദ്യപാനവും ലഹരി വസ്തുക്കളും ഉള്‍പ്പടെയുള്ള എല്ലാംകൊണ്ട് ഈ പ്രദേശം ഇല്ലാതായിരിക്കുന്നു. കെട്ടിടത്തിന്റെ ചുവരുകളില്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മലയാളഭാഷാ 'വകഭേദങ്ങളുടെയും' ഒക്കെ നേര്‍കാഴ്ച. കരിക്കട്ട കൊണ്ട് ചുമര്‍ ചിത്രമാക്കാനായി ഒരുപാട് പേര്‍ വന്നു പോയിക്കൊണ്ടിരിക്കുന്നു. ചുമര്‍ചിത്രങ്ങളില്‍ പ്രണയലേഖനങ്ങള്‍ മുതല്‍ ഒരു രാത്രിക്ക് പ്രേതത്തിന് എത്രയാകും എന്ന് വരെ കാണാനായി.
പ്രവേശന സമയം
സാധാരണ ഗതിയില്‍ ഇവിടേക്ക് കടത്തിവിടുന്നതിനു ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തിയ ശേഷം പെര്‍മിഷന്‍ ആവശ്യപ്പെടാവുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ താമസക്കാരെല്ലാം ഇവിടം വിട്ടു പോയതുകൊണ്ട് നിലവില്‍ ബോണക്കാട് നിന്ന് ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. പലപ്പോഴും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാറില്ല. അതുകൊണ്ട് ബസിനെ ആശ്രയിക്കുന്നതാണ് നല്ലത്. തിരുവനന്തപുരം, വിതുര ബസ് ഡിപ്പോകളില്‍ നിന്ന് അഞ്ച് ബസ് സര്‍വിസുകള്‍ ഇവിടേക്ക് ഉണ്ട്.
ശ്രദ്ധിക്കേണ്ട ത്
എന്തെന്നാല്‍
ഇത് വായിച്ചിട്ട് ഒരു ദിവസം അവിടെ പോയി 'കൂടാം' എന്നുമാത്രം ദയവു ചെയ്തു ആരും പ്ലാന്‍ ചെയ്യാതിരിക്കുക. നല്ലവരായ കുറെ നാട്ടുകാര്‍ക്കും പാവം കുറെ പശുക്കള്‍ക്കും ശല്യമാവാതെ പോയി കണ്ടു ആസ്വദിച്ചു വരാവുന്ന ഒരു സ്ഥലം മാത്രമാണ് അവിടം. പ്രേതത്തെ തപ്പി നട്ടപ്പാതിരയ്ക്ക് സ്റ്റേ ചെയ്യാന്‍ പ്ലാന്‍ ഇടുന്നവര്‍ ഉണ്ടെങ്കില്‍ ഇപ്പോഴേ പറഞ്ഞേക്കാം അസാമാന്യ ധൈര്യവും കൃത്യമായ തയ്യാറെടുപ്പുകളും ഉണ്ടാവുന്നത് നല്ലതാണ്.
അടുത്തുള്ള
സഞ്ചാര കേന്ദ്രങ്ങള്‍
പ്രേത ബംഗ്ലാവിലേക്ക് പോകുന്ന വഴിയില്‍ തന്നെ അത്യാവശ്യം ട്രെക്ക് ചെയ്താല്‍ പോയിക്കാണാവുന്ന വഴ്‌വന്തോള്‍ വെള്ളച്ചാട്ടമുണ്ട്. ബംഗ്ലാവില്‍ നിന്ന് ഇവിടേയ്ക്ക് ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. കൂടാതെ തിരുവനന്തപുരത്തിന്റെ സ്വന്തം പൊന്മുടി ഹില്‍സ് ബംഗ്ലാവില്‍ നിന്ന് 40 കിലോ മീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."