ഇഴജന്തുക്കള്‍ക്കായി 'ഇ' ടോയ്‌ലറ്റ്
പെര്‍ള: പെര്‍ള ടൗണില്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ ഇ ടോയ്‌ലറ്റ്. ഉപയോഗശൂന്യമായ ഇ ടോയ്‌ലറ്റ് ഇഴജന്തുക്കളുടെ താവളമായി മാറിയെന്നാണ് പരിസരത്തുള്ളവരുടെ പരാതി. ജില്ലയിലെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കര്‍ണാടകയുമായി തൊട്ടുരുമ്മി കിടക്കുന്ന എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ടൗണില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഇ ടോയ്‌ലറ്റാണ് നോക്കുകുത്തിയായത്.
കര്‍ണാടകയില്‍ നിന്നടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന നിരവധി യാത്രക്കാര്‍ പെര്‍ള ടൗണില്‍ ശുചിത്വമുള്ള ശൗചാലയമില്ലാതെ വലയുമ്പോള്‍ പരിഹാരമെന്ന നിലയില്‍ 2014ല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് പെര്‍ള ടൗണില്‍ ഇ ടോയ്‌ലറ്റ് സ്ഥാപിച്ചത്.
എന്നാല്‍ ടോയ്‌ലറ്റിനകത്ത് ആരും കയറാന്‍ തയാറാകാതെയായി. വൈദ്യുതി ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തി കോയിന്‍ നിക്ഷേപിച്ച് പ്രവര്‍ത്തിക്കുന്ന ശൗചാലയമായത് കൊണ്ടു തന്നെ ഇതിനകത്ത് കയറാന്‍ ജനം മടിക്കുന്നതായാണ് പരാതി.
പഞ്ചായത്ത് വിഹിതം 10ശതമാനം ചേര്‍ത്ത് അഞ്ചുലക്ഷം മുതല്‍ മുടക്കി സ്ഥാപിച്ച ശൗചാലയമാണ് ആരും ഉപയോഗിക്കാതായത്. പെര്‍ള ടൗണില്‍ നിലവിലുണ്ടായിരുന്ന പഴയ ശൗചാലയം സാമൂഹ്യദ്രോഹികളും മദ്യപന്മാരും കൈയടക്കിയതോടെ മറ്റു പരിഹാര മാര്‍ഗം ഇല്ലാതായി. ഇതോടെ ദീര്‍ഘ നാളത്തെ യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മുന്‍ കൈയെടുത്താണ് ഇ ടോയ്‌ലറ്റ് സ്ഥാപിച്ചത്.
സാങ്കേതിക കാരണങ്ങള്‍ നിരത്തി ടോയ്‌ലറ്റ് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."