ജലസ്രോതസുകളുടെ ശുചീകരണം; പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകളുമായി പൊന്നാനി നഗരസഭ
പൊന്നാനി: ചരിത്രപ്രാധാന്യമേറിയ കനോലി കനാലിനെ മാലിന്യമുക്തമാക്കാന്‍ മാതൃകാപദ്ധതിയുമായി പൊന്നാനി നഗരസഭ രംഗത്ത്. നഗരസഭയിലെ കനോലി കനാലിനു സമീപത്തുള്ളവര്‍ കക്കൂസ് മാലിന്യങ്ങള്‍ നേരിട്ടു കനാലിലേക്കു തള്ളുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ പദ്ധതി.
കനോലി കനാല്‍ തീരത്തെ വീടുകളില്‍ നഗരസഭ മുന്‍കൈയെടുത്ത് അഡ്വാന്‍സ്ഡ് പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചുനല്‍കും. ഇതുമൂലം കനോലി കനാലിലേക്കള്ള സെപ്റ്റിക് മാലിന്യ നിക്ഷേപം ഒഴിവാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അഞ്ച് അംഗങ്ങളുള്ള വീടുകളിലേക്ക് 800 ലിറ്റര്‍, ഏഴ് അംഗങ്ങളുള്ള വീടുകളിലേക്ക് 1,200 ലിറ്റര്‍ കപ്പാസിറ്റിയുള്ളതും വളരെയടുത്തുള്ള വീടുകള്‍ക്ക് കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്കുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സാധാരണ കക്കൂസ് ടാങ്കുകളെ അപേക്ഷിച്ച് മലിനജലത്തിലുള്ള ബയോളജിക്കല്‍ ഓപ്ഷന്‍ ഡിമാന്‍ഡ് 75 ശതമാനം അഡ്വാന്‍സ്ഡ് പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകളില്‍ കുറയുമെന്നതിനാല്‍ മലിനജലത്തിന്റെ അളവ് കുറയ്ക്കാനും കഴിയും. ശുചിത്വ മിഷന്റെ അനുമതിയോടെ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ നഗരസഭ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. 325 വീടുകളില്‍ ടാങ്ക് സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ നൂറു വീടുകളിലാണ് പദ്ധതി നടപ്പാക്കുക.
മാര്‍ച്ച് 25നകം ടാങ്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ നഗരസഭയിലെ ഒ.ഡി.എഫ് പ്രഖ്യാപനത്തിനും നഗരസഭ തയാറാകും. പദ്ധതിക്കാവശ്യമായ പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകള്‍ നഗരസഭാ കാര്യാലയത്തിലെത്തിയിട്ടുണ്ട്. മാര്‍ച്ച് ഏഴിനു ടാങ്ക് സ്ഥാപിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭാ കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി. രമാദേവി, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ ഒ.ഒ ശംസു, അഷ്‌റഫ് പറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."