പാനീയചികിത്സാ വാരാചരണം
കല്‍പ്പറ്റ: 13 മുതല്‍ 18 വരെ പാനീയ ചികിത്സാ വാരാചരണമായി ആചരിക്കുകയാണ്. വയറിളക്ക രോഗങ്ങളുള്ളവരില്‍ മരണം സംഭവിക്കുന്നത് ശരീരത്തിലെ ജലാംശവും ഉപ്പും നഷ്ടപ്പെടുന്നത് കൊണ്ടാണ്. ഇതിനെ നിര്‍ജ്ജലീകരണം എന്നുപറയുന്നു. ഈ അവസരത്തില്‍ കൂടുതല്‍ വെളളവും ഉപ്പും രോഗിക്ക് നല്‍കണം. അല്ലാത്തപക്ഷം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും.
ഇപ്രകാരം വയറിളക്കം മൂലം ജലാംശം നഷ്ടപ്പെടുന്ന രോഗിക്ക് ജലാംശം തിരിച്ചു നല്‍കുന്നതിനെ പാനീയ ചികിത്സ എന്നുപറയുന്നു. പാനീയ ചികിത്സ പ്രധാനമായും രണ്ടു വിധത്തില്‍ നടത്താം. ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ച്, പാക്കറ്റുകളില്‍ ലഭ്യമാക്കുന്ന ഒ.ആര്‍.എസ്. (ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്) ചേര്‍ത്ത് തയ്യാറാക്കിയ ലായനി കൊണ്ടുളള ചികിത്സയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
വയറിളക്കം മൂലം കുഞ്ഞിന് നിര്‍ജലനം സംഭവിക്കുന്നുവെങ്കില്‍ അടിയന്തിരമായി ചെയ്യേണ്ടത് വീട്ടില്‍ ലഭ്യമാവുന്ന പാനീയങ്ങള്‍ കുഞ്ഞിന് നല്‍കുകയാണ്. ഇതിനുവേണ്ടി ഉപ്പിട്ട കഞ്ഞിവെളളം, പഞ്ചസാര-നാരങ്ങ-ഉപ്പ് ചേര്‍ത്ത ലായനി (സര്‍ബത്ത്), ലസ്സി (തൈരും പാലും പഞ്ചസാരയും ചേര്‍ത്ത്), കരിക്കിന്‍ വെളളം, ബാര്‍ലി വെളളം, കടുപ്പം കുറഞ്ഞ ചായ എന്നീ പാനീയങ്ങള്‍ ഉപയോഗിക്കാം. ഇതിനു പുറമേ ഒരു ഗ്ലാസ് ശുദ്ധജലത്തില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു നുളള് ഉപ്പും ചേര്‍ത്ത് ലഘുവായ ഗൃഹപാനീയം തയ്യാറാക്കി നല്‍കാം. പാനീയ ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും ഒ.ആര്‍.എസിന്റെ ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്തുകയുമാണ് ഈ വാരാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."