HOME
DETAILS
MAL
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തെ മതേതര സമൂഹം അതിജയിക്കും: കെഎംസിസി പ്രതിഷേധ സംഗമം
backup
February 17 2020 | 12:02 PM
റിയാദ്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാതെ ഫാസിസ്റ്റ് ഭരണകൂടം കാണിക്കുന്ന ധാർഷ്ട്യത്തെ ഇന്ത്യയിലെ മതേതര സമൂഹം ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മറികടക്കുമെന്ന് റിയാദ് തിരൂരങ്ങാടി നിയോജകമണ്ഡലം കെ എം സി സി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ബത്ഹ കെ എം സി സി ഓഫീസിൽ നടന്ന സംഗമം റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സയ്യിദ് അർഷദ് തങ്ങൾ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.
ഭാരതത്തിന്റെ ഭരണഘടന സംഘപരിവാർ പ്രത്യായശാസ്ത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും ഹിന്ദുത്വ രാഷ്ട്രമെന്ന സങ്കൽപ്പത്തിന് ഭരണഘടന തടസ്സമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ഗാന്ധിയെ കൊന്നവർ ഇന്ത്യയുടെ ഭരണഘടന ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്ത് നിൽപ്പാണ് ഇന്ത്യൻ തെരുവുകളിലെ സമരങ്ങൾ. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ സ്വീകാര്യതയുണ്ടാക്കി ഇന്ത്യയുടെ ബഹുസ്വരതയെ വെല്ലുവിളിക്കുന്ന സമീപനമാണ് ബി.ജെ.പി നടത്തുന്നത്. നോട്ട് നിരോധനം, ജി എസ് ടി, മുത്തലാഖ്, കശ്മീർ പദവി, തുടങ്ങിയ വിഷയങ്ങളിലൊന്നും വേണ്ടത്ര പ്രതിഷേധങ്ങൾ ഉയരാതിരുന്നത് സർക്കാറിന് എന്തും ചെയ്യാനുള്ള അനുമതിയാണെന്ന ധാരണയാണ് ഉണ്ടാക്കിയത്. എന്നാൽ ഇന്ന് നടക്കുന്ന സമരപോരാട്ടങ്ങളിൽ ഭരണകൂടം പകച്ച് നിൽക്കുകയാണെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി ദേശീയ സമിതിയംഗങ്ങളായ ഉസ്മാനാലി പാലത്തിങ്ങൽ, അഡ്വ. അനീസ് ബാബു ഭാരവാഹികളായ ഹമീദ് ക്ലാരി, അഷ്റഫ് മോയൻ, ഉസ്മാൻ ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സുഫ്‌യാൻ അബ്ദുസ്സലാമിനുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു. റഫീഖ് ചെറുമുക്ക് സ്വാഗതവും അബ്ദു സമ്മദ് തെന്നല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."