തീയണഞ്ഞില്ല; കര്‍ണാടക വനം കത്തിയെരിയുന്നു
ചെറുപുഴ: കര്‍ണാടക വനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ നൂറുകണക്കിനേക്കര്‍ കാട് കത്തിനശിച്ചു. ഇപ്പോഴും തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല. നിബിഢ വനമായതിനാല്‍ വനപാലകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സഹചര്യമാണ്.
കേരള അതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്തു നിന്നു തീ ഉള്‍വനത്തിലേക്ക് കടന്നിരിക്കുകയാണ്. മുളങ്കൂട്ടങ്ങള്‍ പൊട്ടുന്ന ശബ്ദം ജനവാസ കേന്ദ്രത്തില്‍ കേള്‍ക്കാം. കാടിന് ആരെങ്കിലും തീയിട്ടതാണോ എന്ന സംശയവും നിലനില്‍ക്കുന്നു. കാട്ടുമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുമോയെന്ന ഭീതിയുമുണ്ട്. ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളേയും കൃഷികളേയും ആക്രമിക്കുക പതിവാണ്. തീപിടിത്തം ഉണ്ടായതോടെ വെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങള്‍ എത്തുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍. വനത്തിലെ തീ അണയ്ക്കാന്‍ വനപാലകര്‍ക്കൊപ്പം നാട്ടുകാരും രംഗത്തെത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുഹാന, ഫോറസ്റ്റര്‍മാരായ ഉല്ലാസ്, പൂര്‍ണാനന്ദ, മുത്തണ്ണ, മൂര്‍ത്തി എന്നിവര്‍ക്കൊപ്പം ആറാട്ടുകടവിലെ മോഹനന്റെ നേതൃത്വത്തിലുള്ള 30 പേരാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ഇവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ ലൈനുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."