കാസര്‍കോട്ടെ ന്യൂനപക്ഷമോര്‍ച്ച നേതാവിനെ ഡല്‍ഹി പൊലിസ് ചോദ്യം ചെയ്യുന്നു
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തി തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പിടിയിലായ കാസര്‍കോട് ജില്ലാ ന്യൂനപക്ഷമോര്‍ച്ചാ നേതാവ് തസ്‌ലീമിനെ പൊലിസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ തസ്‌ലീമിന്റെ രാഷ്ട്രീയബന്ധം ഡല്‍ഹി പൊലിസ് തന്ത്രപൂര്‍വം മറച്ചുവയ്ക്കുകയാണ്.
കാസര്‍കോട്ടുവച്ച് പൊലിസ് പിടികൂടിയ മുഅ്തസിം സി.എച്ച് എന്ന തസ്‌ലീമിന്റെ അറസ്റ്റ് ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്‍ ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. തസ്‌ലീമിനെ കൂടാതെ അഫ്ഗാന്‍ പൗരന്‍ വാലി മുഹമ്മദ്, ഡല്‍ഹി സ്വദേശി സൈഫി റിയാസുദ്ദീന്‍ എന്ന രാജാ അലാമി എന്നിവരും പിടിയിലായിട്ടുണ്ട്. മൂന്നുപേരെയും സ്‌പെഷല്‍ സെല്‍ മേധാവി പ്രമോദ് കുശ്‌വാഹ ചോദ്യംചെയ്ത് വരികയാണ്.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പിനു മുന്‍പായി ആര്‍.എസ്.എസിന്റെ പ്രധാനനേതാക്കളെ കൊലപ്പെടുത്തുകയും അതുവഴി മേഖലയില്‍ കലാപം ഉണ്ടാക്കാനും തസ്‌ലീം ശ്രമിച്ചുവെന്നാണ് ആരോപണം.
ശനിയാഴ്ച മാധ്യമങ്ങളെ കണ്ട ഡല്‍ഹി പൊലിസിന്റെ സ്‌പെഷല്‍ സെല്‍, പിടിയിലായവര്‍ സ്ഥിരമായി ഐ.എസ്.ഐയുമായി ബന്ധപ്പെട്ടുവരികയാണ്. ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താനായി രണ്ടുകോടി രൂപയുടെ ക്വട്ടേഷനാണ് ഇവര്‍ എടുത്തത്. ഇവരുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, രണ്ടുതോക്ക്, വെടിയുണ്ടകള്‍ എന്നിവയും പിടികൂടിയതായി പറഞ്ഞു.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ അനുയായി ഗുലാം റസൂല്‍ ആണ് ഈ മൂന്നുപേര്‍ക്കും ഇന്ത്യയിലെ പ്രമുഖരെ വധിക്കാനുള്ള ചുതമല നല്‍കിയത്.
ഗുജറാത്തില്‍ 2003ല്‍ കൊല്ലപ്പെട്ട നരേന്ദ്രമോദി വിരുദ്ധ ചേരിയിലുള്ള ബി.ജെ.പി നേതാവ് ഹരിന്‍ പാണ്ഡ്യെയുടെ വധക്കേസില്‍ പൊലിസ് ആദ്യം പറഞ്ഞിരുന്ന പേരുകളിലൊന്നാണ് ഗുലാം റസൂല്‍. വാലി മുഹമ്മദും റിയാസുദ്ദീനും ഈ മാസം 11ന് ഡല്‍ഹിയിലെ സാകേതില്‍ നിന്നാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് തസ്‌ലീമിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നതും അദ്ദേഹത്തെ പിടികൂടുന്നതെന്നും ദുബൈയില്‍ വച്ചാണ് തസ്‌ലീമും റിയാസുദ്ദീനും പരിചയപ്പെടുന്നതെന്നും പൊലിസ് പറഞ്ഞു.
അതേസമയം, സാധാരണ ഭീകരപ്രവര്‍ത്തന കേസുകളില്‍ പിടിയിലാവുന്നവരുടെ രാഷ്ട്രീയ, സംഘടനാ ബന്ധങ്ങള്‍ വെളിപ്പെടുത്താറുള്ള പൊലിസ്, ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായ തസ്‌ലീമിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുവച്ചു. കേരളത്തിലെയും കര്‍ണാടകയിലെയും പ്രധാന ബി.ജെ.പി നേതാക്കളുമായും തസ്‌ലീമിനു ബന്ധമുണ്ട്. എന്നാല്‍ ശനിയാഴ്ച മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ഇത്തരത്തിലുള്ള തസ്‌ലീമിന്റെ പശ്ചാത്തലങ്ങള്‍ പൊലിസ് വിട്ടുകളയുകയായിരുന്നു.
ഈ മാസം 11ന് കാസര്‍കോട് ചട്ടഞ്ചാലിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഇയാള്‍ക്കെതിരേ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം, അടിപിടി, ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി കേസുകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."