ഗുജറാത്ത് മോഡല്‍: മതിലിന് പുറമേ ഒഴിപ്പിക്കലും; ചേരി നിവാസികള്‍ക്ക് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടിസ്
ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാനും നീക്കം. ഏഴുദിവസത്തിനകം വീടൊഴിയണമെന്ന് അറിയിച്ച് ചേരി നിവസികള്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ് അഹമദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. രണ്ടു പതിറ്റാണ്ടിലേറെയായി താമസിക്കുന്നിടത്തു നിന്നാണ് ഇവരെ കുടിയൊഴിപ്പിക്കുന്നത്.
അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം പേരോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്.
നമസ്‌തേ ട്രംപ് പരിപാടിയുമായി ഒഴിപ്പിക്കലിന് ബന്ധമില്ലെന്നും അനധികൃതമായാണ് ചേരി നിവാസികള്‍ ഇവിടെ താമസിക്കുന്നതെന്നുമാണ് ചേരികളൊഴിപ്പിക്കാനുള്ള കാരണമായി നഗരസഭ കാണിക്കുന്നത്.
ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിനായാണ് നഗരസഭ മതില്‍ കെട്ടിതുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതില്‍ പണിഞ്ഞത്. അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തിലും മതില്‍ പണിയുന്നത് വിവാദമായിരുന്നു. അതേ തുടര്‍ന്ന് മതിലിന്റെ ഉയരം ആറടിയില്‍ നിന്നും നാലടിയായി കുറച്ചിരുന്നു.
ഫെബ്രുവരി 24-25 തിയ്യതികളിലായിട്ടാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ട്രംപ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."