പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം; മികവ് പദ്ധതിക്ക് തുടക്കം
കൊല്ലം:പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച മികവ് പദ്ധതിക്ക് തുടക്കം. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതി എന്ന അംഗീകാരം നേടിയ മികവിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പര്യാപ്തമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഇടം പദ്ധതിയുടെ ഭാഗമായി ചിറ്റുമല ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂളുകളിലാണ് മികവ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ 764 പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സ്‌കൂള്‍ സമയത്തിന് ശേഷമാണ് അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുക. പഠനം ആസ്വാദ്യകരമാക്കാന്‍ ഡയറ്റിന്റെ സാങ്കേതിക സഹായത്തോടെ പ്രത്യേക പാഠ്യരീതികളും തയാറാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണവും പഠന സമയത്ത് നല്‍കും. രക്ഷകര്‍ത്താക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുവെന്നതും പ്രത്യേകതയാണ്.
എം.ജി.ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ്, ജനപ്രതിനിധികളായ സിന്ധുമോഹന്‍, കെ. തങ്കപ്പന്‍ ഉണ്ണിത്താന്‍, തങ്കമണി ശശിധരന്‍, പി. ബാബു, ഉഷ, സിമ്മി, വി. ശോഭ, ഇ.വി സജീവ്കുമാര്‍, എസ്. ബീന, കെ. സത്യന്‍, ബെന്‍സി റോയി, ഹെഡ്മാസ്റ്റര്‍ കോശി ഉമ്മന്‍, ചിറ്റുമല പട്ടികജാതി വികസന ഓഫിസര്‍ എ.ജി സിബി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."