തൃപ്രയാര്‍ പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു
വാടാനപ്പള്ളി: തൃപ്രയാര്‍ പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു. 30 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന തൃപ്രയാര്‍ പാലത്തിനെക്കുറിച്ചുള്ള റിപ്പോര്‍്ട്ട് ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
തൃപ്രയാര്‍ ക്ഷേത്ര നഗരിയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് പുതിയ പാലം. തൃപ്രയാര്‍ പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പി.ഡബ്ല്യൂ.ഡി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണ്ണ് പരിശോധന തുടങ്ങിയത്.
കനോലി കനാലിനൊപ്പം കരയിലും ഒരുപോലെ പരിശോധന നടത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗമാണ് പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കുക. നിലവിലുള്ള പാലത്തിനും തൃപ്രയാര്‍ ക്ഷേത്രത്തിനും മധ്യേയാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ഇപ്പോഴുള്ള പാലത്തിന് 116 മീറ്റര്‍ നീളവും, ആറര മീറ്റര്‍ വീതിയുമുണ്ട്. ജലനിരപ്പിനേക്കാള്‍ ഏഴ് മീറ്റര്‍ ഉയരമാണ് നിലവിലുള്ള പാലത്തിനുള്ളത്. പുതിയ പാലത്തിന്റെ രൂപരേഖ തയാറാക്കുന്നതിനാണ് ഇപ്പോള്‍ മണ്ണ് പരിശോധന തുടങ്ങിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
പാലത്തിന് സമീപം നടത്തുന്ന മണ്ണ് പരിശോധനയിലൂടെ പാറ കണ്ടെത്തി ആഴം തിരിച്ചറിയുകയാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. പതിനൊന്നര മീറ്റര്‍ വീതിയില്‍ 250 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മിക്കുക.
പാലത്തില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും നടപ്പാതയുമുണ്ടാകും. നിലവിലുള്ള പാലത്തിനേക്കാള്‍ അഞ്ചര മീറ്റര്‍ ഉയരം കൂടുതലാകും പുതിയ പാലത്തിന്. കിഴക്ക്പടിഞ്ഞാറെ നടകളിലെ വളവുകള്‍ പുതിയ പാലം വരുന്നതോടെ ഇല്ലാതാകും. പുതിയ പാലത്തിന്റെ സെന്റര്‍ സ്പാന്‍ 40മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുക.
30 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചിലവെങ്കിലും അപ്രോച്ച് റോഡ്, സ്ഥലം ഏറ്റെടുക്കല്‍ എന്നിവക്കായി അഞ്ച് കോടി രൂപ അധികവും പ്രതീക്ഷിക്കുന്നുണ്ട്. മണ്ണ് പരിശോധന പൂര്‍ത്തിയായാല്‍ പാലത്തിന്റെ രൂപകല്‍പന ഉടന്‍ തയാറാക്കും.
സ്ഥലം ലഭ്യമായാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ തൃപ്രയാര്‍ പാലം നിര്‍മിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."