ചേരി മാറി സഖ്യ കക്ഷികള്‍; ഭരണകാലത്ത് എന്‍.ഡി.എ വിട്ടത് 17 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ സഖ്യകക്ഷികളുടെ കൊഴിഞ്ഞു പോക്ക് ഭീഷണി നേരിടുകയാണ് ഭരണ കക്ഷിയായ എന്‍.ഡി.എ. അധികാരത്തിലെത്തുമ്പോള്‍ 30 പാര്‍ട്ടികളുടെ കരുത്തുണ്ടായിരുന്ന എന്‍ഡിഎയ്ക്ക് നാലു വര്‍ഷത്തിനിടെ 17 സഖ്യകക്ഷികളെയാണ് നഷ്ടമായത്. പലവിധ ആവശ്യങ്ങളുമായി അഞ്ചു പാര്‍ട്ടികള്‍ ഏതുനിമിഷവും മുന്നണി വിടുമെന്ന ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്നണിക്കു പഴയതിലും ശക്തിയുണ്ടെന്നു നേതാക്കള്‍ അവകാശപ്പെടുമ്പോഴും അംഗബലം ചോര്‍ന്നതു ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ്.
അധികാരത്തിന്റെ തുടക്കത്തില്‍ തന്നെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. പ്രാദേശിക പാര്‍ട്ടികളെ ഒതുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന ആരോപണവുമായി ഹരിയാന ജനഹിത് കോണ്‍ഗ്രസാണ് ആദ്യം മുന്നണി വിട്ടത്. തമിഴ് ജനതയെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ആരോപണവുമായി വൈകോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെയും ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ സഖ്യം വിട്ടു.
തെലുഗുദേശം പാര്‍ട്ടിയാണ് മുന്നണി വിട്ട മറ്റൊരു പ്രമുഖ പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സഖ്യത്തിന്റെ ശക്തിസ്രോതസ്സായിരുന്നു ടി.ഡി.പി. ഇവര്‍ ഇക്കുറി പ്രതിപക്ഷചേരിയുടെ മുന്‍നിരയിലാണെന്നതും ബി.ജെ.പിയുടെ ചങ്കിടിപ്പേറ്റുന്നു. അസമില്‍ ഗണ പരിഷത്ത്, ബംഗാളില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്നിവരും എന്‍.ഡി.എ ശ്കതമായ പ്രഹരമേകി സഖ്യം വിട്ടു. പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണ് ഗണ പരിഷത്തിനെ ചൊടിപ്പിച്ചത്.
വിജയ്കാന്തിന്റെ ഡി.എം.ഡി.കെയും എസ്. രാമദോസിന്റെ പി.എം.കെ എന്നിവയും സഖ്യം വിട്ടു. കേരളത്തില്‍, കഴിഞ്ഞതവണ ബി.ജെ.പിയെ പിന്തുണച്ച എ.വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി(ബി)യും സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ബി.ജെ.പിയെ തള്ളിപ്പറഞ്ഞു.
കഴിഞ്ഞതവണ എന്‍.ഡി.എയ്ക്കായി ആന്ധ്രയില്‍ വന്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ പവന്‍ കല്യാണിന്റെ ജനസേന ഇക്കുറി 175 സീറ്റിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ്.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച കോണ്‍ഗ്രസ്-ആര്‍ിജെിഡി സഖ്യത്തിനൊപ്പം ചേര്‍ന്നു. 15 വര്‍ഷത്തെ ബന്ധത്തിനു വിരാമമിട്ടു നാഗാ പീപ്പീള്‍സ് ഫ്രണ്ടും എന്‍.ഡി.എയെ കൈവിട്ടു.
കര്‍ണാടക പ്രജ്ഞാവന്ത ജനത, ലോക് സമത പാര്‍ട്ടി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, കശ്മീരില്‍ സഖ്യകക്ഷിയായിരുന്ന പി.ഡി.പി എന്നിവയും താമര വിട്ട പാര്‍ട്ടികളുടെ കൂട്ടത്തില്‍പ്പെടുന്നു.
മഹാരാഷ്ട്രയില്‍ ശിവസേന, യു.പിയില്‍ അപ്നാ ദള്‍, യുപി മന്ത്രി കൂടിയായ ഒ.പി.രാജ്ബറുടെ സുഹെല്‍ദേവ് ബഹുജന്‍ സമദ് പാര്‍ട്ടി, മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ഗൂര്‍ഖ ജനമുക്തി എന്നിവയാണ് ഭീഷണി മുഴക്കി നില്‍ക്കുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."