ബജറ്റ് ചോര്‍ച്ച: ധനമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് ചോര്‍ത്തിയ സര്‍ക്കാരിനും ധനമന്ത്രിക്കും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റ് ചോര്‍ന്നത്.
എം.എല്‍.എമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബജറ്റിന്റെ കോപ്പി ലഭിക്കുന്നതിന് മുന്‍പുതന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബജറ്റിലെ ആദായ നികുതി ഇളവുകള്‍ ചോര്‍ത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫിസ് തന്നെയാണ് ചോര്‍ത്തിയത്.
ബജറ്റ് ചോര്‍ന്നാല്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കി അവതരിപ്പിക്കുകയാണ് സാധാരണ രീതി. സര്‍ക്കാരിന് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
എം.ടിയുടെ ദുഃഖകഥാപാത്രങ്ങളെ പോലെ: പി.സി ജോര്‍ജ്
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ ചില കഥാപാത്രങ്ങളെ പോലെ തോമസ് ഐസക്കിന്റെ ബജറ്റവതരണം ദുഃഖകരമായി മാറിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മികച്ച ബജറ്റാണ് അവതരിപ്പിച്ചത്.
ഇതിന് മുന്‍പ് ഒരു ധനമന്ത്രിക്കും ഇത്രയും മികച്ച ധനകാര്യ മാനേജ്‌മെന്റ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ അഭിനന്ദിച്ചു
തിരുവനന്തപുരം: ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 10000 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാരിനെയും ധനമന്ത്രിയെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. പെന്‍ഷന്‍ വര്‍ധന വളരെ വര്‍ഷമായി യൂണിയന്‍ ഉയര്‍ത്തിയ ആവശ്യമായിരുന്നു. ഈ ആവശ്യം അനുഭാവപൂര്‍വം അംഗീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ യൂണിയന്‍ പ്രസിഡന്റ് പി.എ അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും നന്ദി അറിയിച്ചു.
നിയമസഭക്ക് അപമാനം: വി.എം സുധീരന്‍
തിരുവനന്തപുരം: അവതരണത്തിനിടെ തന്നെ ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് കേരള നിയമസഭക്ക് അപമാനം വരുത്തിയിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ . ബജറ്റിന്റെ വിശ്വാസ്യതയും വിശുദ്ധിയുമാണ് നഷ്ടപ്പെട്ടത്. ബജറ്റ് ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജിവയ്ക്കണം. ചോര്‍ന്ന ബജറ്റാകട്ടെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് യാഥാര്‍ഥ്യബോധത്തോടെ പരിഹാര നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ്. അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയും ദുരിതവും നേരിടുന്നതിനോ പരിഹരിക്കുന്നതിനോ കൃത്യവും ഫലപ്രദമവുമായ നടപടിയോ നിര്‍ദേശങ്ങളോ ബജറ്റിലില്ല.
വിലക്കയറ്റം തടയുന്നതിന് മതിയായ തുക ബജറ്റില്‍ വകയിരുത്തിയില്ലെന്ന് മാത്രമല്ല കൃത്യമായ പദ്ധതികളുമില്ലെന്നും സുധീരന്‍ പറഞ്ഞു.
പുതിയ ധനമന്ത്രിയെ നിയോഗിച്ച് ബജറ്റ് അവതരിപ്പിക്കണം: കെ.എം മാണി
തിരുവനന്തപുരം: പുതിയ ധനമന്ത്രിയെ നിയോഗിച്ച് പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ധനമന്ത്രിയുമായ കെ.എം മാണി. ബജറ്റിന് കമ്പോളത്തില്‍ കിട്ടുന്ന കടലാസിന്റെ വിലമാത്രമാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ തോമസ് ഐസക് രാജിവച്ച് ഒഴിയണം. ധനനികുതി നിര്‍ദേശം വരെ ചോര്‍ന്നുവെന്നും കെ.എം മാണി പറഞ്ഞു.
വിശ്വാസ്യത നഷ്ടമായി: കുമ്മനം
കോട്ടയം: ബജറ്റ് ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതിലൂടെ വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് ചോര്‍ന്നതില്‍ ധനകാര്യവകുപ്പും മന്ത്രിയും കുറ്റകരമായ വീഴ്ച്ച വരുത്തി. യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യാതൊരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നികുതി പിരിച്ചെടുക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര വിഹിതത്തെ കുറിച്ച് ബജറ്റില്‍ പരാമര്‍ശം ഒന്നും തന്നെയില്ല. നോട്ട് പിന്‍വലിക്കലിനെ കുറ്റപ്പെടുത്തിയത് മാത്രമാണ് കേന്ദ്രത്തെ പരാമര്‍ശിച്ചത്. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.
ഐസകിന്റേത് കിഫ്ബി ബജറ്റെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കിഫ്ബി ബജറ്റായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ബജറ്റ് നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. എ.ഡി.ബി ലോണിന്റെ മറ്റൊരു പതിപ്പായി മാറി. ആരെങ്കിലും പണം തന്നാല്‍ ചെലവാക്കാമെന്നാണ് ബജറ്റില്‍ പറയുന്നത്.
കടംവാങ്ങി ചെയ്യുന്നതിനെ മാത്രം ആശ്രയിച്ചുള്ള ബജറ്റായി മാറി. കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കാന്‍ മാത്രമേ ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കൂ.
ബജറ്റ് ചോര്‍ന്ന സംഭവം ഒരു നിലയ്ക്കും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത് കേരള ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിച്ച് പുറത്തിറങ്ങിയതിന് ശേഷമേ ഇവ പുറം ലോകത്തേക്ക് എത്താന്‍ പാടുള്ളൂ.
ധനമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പറഞ്ഞ അന്വേഷണം വരട്ടെ. ബാക്കി അപ്പോള്‍ പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാഗതാര്‍ഹമെന്ന് കേരള ചേംബര്‍
കൊച്ചി: വ്യാപാര, വാണിജ്യ സമൂഹത്തിന് പുതിയ നികുതികളൊന്നും ചുമത്താത്ത സംസ്ഥാന ബജറ്റിനെ കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെസിസിഐ) സ്വാഗതം ചെയ്തു. നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടിലായ വ്യവസായ സമൂഹത്തിന് ഇത് ആശ്വാസകരമാണെന്നും കെ.സി.സി.ഐ ചെയര്‍മാന്‍ രാജാ സേതുനാഥ് പറഞ്ഞു.
അതേസമയം വ്യവസായ, വാണിജ്യ സമൂഹത്തിന് ഉത്തേജനമേകുന്ന ഒരു നിര്‍ദേശവും ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."