എതിര്‍ താരവുമായി കൂട്ടിയിടിച്ച് ഫെര്‍ണാണ്ടോ ടോറസിന് പരുക്ക്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഡിപോര്‍ടീവോ ലാ കൊരുണക്കെതിരായ പോരാട്ടത്തിനിടെ എതിര്‍ താരവുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ വീണ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസ് ആശുപത്രിവിട്ടു. പരുക്കു ഗുരുതരമല്ലെന്നും താരത്തിനു 48 മണിക്കൂര്‍ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും അത്‌ലറ്റിക്കോ ക്ലബ് ഔദ്യോഗികമായി വ്യക്തമാക്കി. സി.ടി സ്‌കാനിനു ശേഷം പരുക്കു ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സഹായത്തിനെത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും പെട്ടെന്നു തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ടോറസ് ട്വിറ്ററില്‍ കുറിച്ചു.
പന്തിനായുളള പോരാട്ടത്തിനിടെ ഡീപോര്‍ട്ടീവോ പ്രതിരോധ താരം അലസാന്ദ്രൊ ബെര്‍ഗാന്‍ഡിനോസിന്റെ കൈമുട്ട് ടോറസിന്റെ പിന്‍കഴുത്തില്‍ ആഞ്ഞു പതിക്കുകയും താരം തലയിടിച്ച് മൈതാനത്തു വീഴുകയുമായിരുന്നു. കളിയുടെ 85ാം മിനുട്ടിലായിരുന്നു സംഭവം. തലയടിച്ച് വീണ ടോറസിനു ബോധം നഷ്ടമായത് പരിഭ്രാന്തി പരത്തി.
ഉടന്‍ തന്നെ സഹ താരങ്ങള്‍ കൃത്രിമ ശ്വാസം നല്‍കി താരത്തിന്റെ ജീവന്‍ നിലനിര്‍ത്തി. പിന്നീട് മെഡിക്കല്‍ സംഘമെത്തി ടോറസിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോറസിനു പരുക്കേറ്റതോടെ കളിക്കാരും കോച്ചും എന്തുചെയ്യണമെന്നറിയാതെ ഉഴറിയതും പരിഭ്രാന്തരായ ചില താരങ്ങള്‍ പൊട്ടിക്കരഞ്ഞതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന അത്‌ലറ്റിക്കോ രണ്ടാം പകുതിയില്‍ അന്റോയിന്‍ ഗ്രിസ്മാന്റെ ഗോളില്‍ സമനില പിടിച്ച് രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."