'ഹരിത നിയമം' കൈപ്പുസ്തക പ്രകാശനം 26ന്
കല്‍പ്പറ്റ: ഹരിത നിയമാവലി കാംപെയിന്‍ 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 'ഹരിതനിയമങ്ങള്‍' കൈപുസ്തകത്തിന്റെ പ്രകാശനവും ജനുവരി 26ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ രാവിലെ 10ന് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതു ജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ് സംഘടിപ്പിക്കും. പൊലിസ്,ആരോഗ്യം, ഭക്ഷ്യസുരക്ഷ,തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവക്കു കീഴിലുള്ള വിവിധ നിയമങ്ങളാണ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക.
നിയമ സഹായ സമിതി,കില എന്നിവയുടേയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിപാടി. മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ നിയമ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നത്.ഒരു വാര്‍ഡില്‍ കുറഞ്ഞത് 100 പേര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കുകയാണ് പരിപാടിയുടെ ഉദ്ദേശം.
സബ് ജഡ്ജി കെ.പി സുനിത മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ ക്യാംപയിന്‍ അവതരണവും പുസ്തക പരിചയപ്പെടുത്തലും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."