പൊലിസിലെ 'ഡീപ്പ് സ്റ്റേറ്റിന്' കടിഞ്ഞാണിടാന്‍ കഴിയില്ലേ?
സംസ്ഥാന പൊലിസിന്റെ നടപടികള്‍ സംഘ്പരിവാര്‍ അജന്‍ഡകളുമായി ചേര്‍ന്നു പോകുന്നു എന്ന ആക്ഷേപം മുന്‍പേയുള്ളതാണെങ്കിലും ഈയടുത്ത കാലത്തായി അത്തരം നീക്കങ്ങള്‍ ഒരു ഒളിയും മറയുമില്ലാതെ നടക്കുന്നുവെന്ന കാര്യത്തില്‍ ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവുമെന്ന് തോന്നുന്നില്ല. മുന്‍ ഡി.ജി.പിയും സംഘ്പരിവാറുകാരനുമായ ടി.പി സെന്‍കുമാറിന് പൊലിസിനകത്ത് ഇപ്പോഴും സ്വാധീനമുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് അതേ കുറിച്ച് ഇനി മറ്റൊരു സ്ഥിരീകരണം ആവശ്യമുണ്ടാവില്ല. അധികാരവും ചെങ്കോലുമില്ലാത്ത ഒരു റിട്ട. ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കേസുകള്‍ എടുപ്പിക്കാന്‍ വരെ സ്വാധീനമുണ്ടെങ്കില്‍ അതിന്റെ കാരണം സേനയ്ക്കകത്തെ സംഘ്പരിവാര്‍ അനുകൂല സ്ലീപ്പിങ് സെല്ലുകളാണ് എന്ന് വ്യക്തം.
പൗരത്വ നിയമത്തിനെതിരേ ലോകം ശ്രദ്ധിച്ച സമരമാണ് ഷഹീന്‍ ബാഗില്‍ നടക്കുന്നത്. ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ രണ്ട് മാസമായി ഒരു കൂട്ടം സ്ത്രീകള്‍ തുടരുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഷഹീന്‍ ബാഗിന്റെ ചെറു പതിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതിക്കെതിരേ രാജ്യത്തിന് തന്നെ മാതൃകയാകും വിധം നിയമസഭയില്‍ പ്രമേയം പാസാക്കുകയും സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചും അല്ലാതെയും മഹാറാലികള്‍ സംഘടിപ്പിക്കുകയും ചെയ്ത കേരളത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ കെട്ടിയ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ പൊലിസ് ശ്രമിക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ ഒന്ന്. സര്‍ക്കാര്‍ നയം പൗരത്വ നിയമ വിരുദ്ധ സമരങ്ങള്‍ക്കനുകൂലമാണെന്നിരിക്കെ പൊലിസിനെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിക്കുന്നതാരാണ്?
പൊലിസ് അക്കാദമിയുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് വിഭവങ്ങള്‍ വെട്ടി മാറ്റിയ വാര്‍ത്തയും പുറത്തു വന്നത് ഇതിനിടെയാണ്. സംസ്ഥാനമൊട്ടാകെ ബീഫ് ഫെസ്റ്റ് നടത്തുകയും പൗരന്റെ ആഹാര സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം വാദിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ഭരണത്തില്‍ തന്നെ മെനുവില്‍ നിന്ന് ബീഫ് നീക്കം ചെയ്യപ്പെട്ടത് ദുരൂഹമാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സമാനമായ നീക്കം നടന്നപ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചവരാണ് ഇടതു പാര്‍ട്ടികള്‍! ഇതില്‍ നിന്നെല്ലാം പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന ഒരു കാര്യമാണ് സേനയുടെ സംഘ് വിധേയത്വം. ഭരിക്കുന്ന കക്ഷിയുടെ നിലപാടുകളെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത വകുപ്പായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു.
പൊലിസിനകത്തെ സംഘ്പരിവാര്‍ സ്വാധീനം ഇതു പോലെ മറ നീക്കി പുറത്തു വന്ന മറ്റൊരു കാലമുണ്ടായിട്ടില്ല. ഇന്ന് നിരന്തരം വിദ്വേഷം പ്രചരപ്പിക്കുന്ന മുന്‍ ഡി.ജി.പി സെന്‍കുമാര്‍ തന്റെ സര്‍വിസ് കാലഘട്ടത്തില്‍ എത്രത്തോളം നീതിയോടെ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ ചുമത്തിയത് സെന്‍കുമാറിന്റെ കാലത്താണ് എന്നോര്‍ക്കണം.
ആര്‍.എസ്.എസുകാരുടെ പരാതിയില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പോലും പൊലിസ് യു.എ.പി.എ ചുമത്തി വേട്ട നടത്തിയത് അക്കാലത്താണ്. ടി.പി സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായ ഉടനെ രഹസ്യാന്വേഷണ വിഭാഗം 268 പേരുടെ ഇമെയില്‍ ഐ.ഡി ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇമെയില്‍ ചോര്‍ത്തപ്പെട്ടവരില്‍ 257 പേരും മുസ്‌ലിംകളായിരുന്നു. ഇവര്‍ക്ക് സിമിയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇമെയില്‍ ചോര്‍ത്തിയത്.
പാര്‍ലമെന്റംഗം, മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, മുസ്‌ലിം പ്രഫഷനലുകളായ യുവാക്കള്‍ തുടങ്ങിയവരുടെ ഇമെയിലുകളാണ് ചോര്‍ത്തിയതെന്ന് ഒരു വാരിക പുറത്തുവിട്ടിരുന്നു. കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനാണ് എന്ന കോലാഹലവും ഉയര്‍ന്നു വന്നത് സെന്‍കുമാര്‍ അധികാരത്തിലിരിക്കുമ്പോഴാണ്. ചുരുക്കത്തില്‍, ഇന്ന് പൊതുസമൂഹത്തിന് മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ട സെന്‍കുമാറിന്റെ വര്‍ഗീയ മുഖം തന്നെയായിരുന്നു അധികാരത്തിലിരിക്കുമ്പോഴും എന്നുറപ്പിക്കാം.
സെന്‍കുമാറിനെ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ച സര്‍ക്കാരാണ് തങ്ങളുടേതെന്ന് ഇടതു മുന്നണിക്ക് തത്ത്വത്തില്‍ അവകാശപ്പെടാമെങ്കിലും പൊലിസ് സേനയുടെ മനോഭാവത്തില്‍ എത്രത്തോളം മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഭരണ മുന്നണിക്ക് ഇപ്പോഴും കഴിയില്ല. ബി.ജെ.പിയുടെ പൗരത്വ വിശദീകരണ യോഗങ്ങള്‍ കേള്‍ക്കാന്‍ താത്പര്യപ്പെടാതെ സ്വന്തം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയവര്‍ക്കെതിരേ പോലും പൊലിസ് നടപടി സ്വീകരിക്കുന്ന ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നത്. തൊടുപുഴയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിന് മുന്നോടിയായി ഒരു കാരണവശാലും കടകള്‍ അടച്ചിടരുതെന്ന നോട്ടിസാണ് പ്രദേശത്തെ കടയുടമകള്‍ക്ക് കരിമണ്ണൂര്‍ പൊലിസ് നല്‍കിയത്. വിവാദമായപ്പോള്‍ പിന്‍വലിച്ച ഈ നോട്ടിസ്, ബി.ജെ.പിയുടെ പരിപാടി വിജയിപ്പിച്ചു കൊടുക്കണമെന്ന് പറയുന്നതിന് തുല്യമാണ്.
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വി.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ നൂറുക്കണക്കിന് പരാതികളാണ് പലരും പൊലിസിന് നല്‍കിയത്. ഒന്നില്‍ പോലും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല 'ഇന്റര്‍പോളിന്റെ' സഹായമില്ലാതെ പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന വിചിത്രമായ മറുപടിയാണ് പൊലിസില്‍ നിന്ന് ലഭിച്ചത്. തോക്കു ചൂണ്ടിയും വാളുയര്‍ത്തിക്കാണിച്ചും ഭീഷണിപ്പെടുത്തിയും ദിനേന പോസ്റ്റുകളിടുന്ന ഒരു വ്യക്തിക്ക് കിട്ടുന്ന പ്രത്യേക പ്രിവിലേജ് അയാള്‍ സംഘ്പരിവാറുകാരനാണ് എന്നതല്ലാതെ മറ്റെന്താണ്? ഭൂരിപക്ഷ വര്‍ഗീയത ദേശീയതയോട് ചേര്‍ത്തു വായിക്കുന്നതിന്റെ അപകടമാണിത്. മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് അലന്‍, താഹ എന്നീ സി.പി.എം പ്രവര്‍ത്തകരെ കരിനിയമം ചുമത്തിയ കേരളത്തിലാണിതു നടക്കുന്നതെന്നോര്‍ക്കണം.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് വിരമിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ ഒരു സുപ്രഭാതത്തില്‍ മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവായി നിയമിച്ചതെന്തിനാണെന്ന് ഇന്നുമാര്‍ക്കും പിടികിട്ടിയിട്ടില്ല. കുപ്രസിദ്ധമായ സിറാജുന്നിസ വെടിവയ്പ്പ് കേസിലെ കുറ്റാരോപിതനെന്ന നിലയ്ക്ക് കക്ഷി ഭേദമന്യേ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു മുന്‍ ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. 1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസയുടെ കൊലയിലേക്ക് നയിച്ച വെടിവയ്പ്പിനു ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അന്ന് ' ഐ വാണ്ട് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്' എന്ന് ആക്രോശിച്ചു കൊണ്ടുള്ള ശ്രീവാസ്തവയുടെ വയര്‍ലസ് സന്ദേശം കേട്ടതായി അന്നത്തെ ഒറ്റപ്പാലം എം.എല്‍.എ വി.സി കബീര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. അക്കാലത്ത് ഇടത് എം.എല്‍.എയും പിന്നീട് നായനാര്‍ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയുമായിരുന്നു വി.സി കബീര്‍. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകതാ യാത്രയോടനുബന്ധിച്ച് നടന്ന ഈ സംഭവം പൊലിസ് സേനയുടെ സംഘ്പരിവാര്‍ വിധേയത്വത്തിന്റെ പഴയ ഉദാഹരണമാണ്. പ്രസ്തുത ഉദ്യോഗസ്ഥന്‍ ഉപദേശിയായി തുടരുന്ന കാലത്ത് പൊലിസിന്റെ വീഴ്ച്ചകള്‍ അസ്വാഭാവികമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ പഴിക്കാന്‍ കഴിയുമോ? ദേശീയ അന്വേഷണ ഏജന്‍സി ഓഫിസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറ്റ വിമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കിയ ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായി തുടരുമ്പോള്‍ പ്രത്യേകിച്ചും.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സവിശേഷതകള്‍ക്കനുയോജ്യമല്ലാത്ത പൊലിസ് നയം രൂപപ്പെടാനുണ്ടായ സാഹചര്യമുണ്ടാക്കിയതില്‍ മാറി മാറി ഭരിച്ച ഇരു മുന്നണികള്‍ക്കും പങ്കുണ്ട്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും ബ്യൂറോക്രസിയിലേക്കും സേനയിലേക്കും തങ്ങളുടെയാളുകളെ കയറ്റി വിടാനുള്ള സംഘ്പരിവാറിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ റിപ്പബ്ലിക്കിനോളം പഴക്കമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ കേസുകളില്‍ കുരുക്കുന്നത് പതിവായിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാരുകള്‍ക്ക് ഇത്തരം കേസുകളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്. തങ്ങളുടെ ചെറുപ്പക്കാരെ വിവേചനപരമായി കേസില്‍ കുടുക്കുന്ന ഭരണകൂടങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായം അകലം പാലിക്കുവാന്‍ തുടങ്ങിയതും ഫലത്തില്‍ ഗുണം ചെയ്തത് സംഘ്പരിവാറിനാണ്. ഇരു മുന്നണികളും തങ്ങളെ കള്ളക്കേസില്‍ കുരുക്കി വേട്ടയാടുകയാണെന്ന മുസ്‌ലിം സമൂഹത്തിന്റെ പരാതി അവരെ മുന്നണികളില്‍ നിന്നകറ്റാനും ഫലത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കാനും സഹായിക്കും. ഇത്തരം ദുഷ്ടലാക്കോടെയാണ് എക്കാലത്തും ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.
കേരളത്തിന് ഇടതു മനസാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും അവകാശപ്പെടാറുണ്ട്. എങ്കില്‍, ഈ ഇടതു മനസ് കേരളപ്പിറവി മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറി മാറി അധികാരം കയ്യാളിയ കേരളത്തിലെ പൊലിസിനും ബ്യൂറോക്രസിക്കും സഹജമായി ലഭിക്കേണ്ടതല്ലേ? അതുണ്ടായില്ല എന്ന് മാത്രമല്ല പൊലിസിന്റെ ഇത്തരം വീഴ്ച്ചകളെ 'ദേശ സുരക്ഷ' യെന്ന തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയമായതിനാല്‍ ന്യായീകരിക്കുകയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയ്തു പോരുന്നത്. സ്വന്തം പാര്‍ട്ടിക്കാരായ അലനും താഹയും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യു.എ.പി.എ ചുമത്തപ്പെടുകയും കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തപ്പോഴും മുഖ്യമന്ത്രി നിസ്സഹായനായി പൊലിസ് ഭാഷ്യം തന്നെ ഏറ്റെടുത്ത് സംസാരിക്കേണ്ടി വന്നതും മേല്‍പ്പറഞ്ഞ പരിമിതി മൂലമാണ്. അതിനു പുറമേയാണ് 'ലാവ്‌ലിന്‍ കേസ്' എന്ന വാള്‍ പിണറായിയുടെ നെറുകെയില്‍ തൂങ്ങിയാടുന്നത്. ലാവ്‌ലിന്‍ കേസില്‍ നിന്ന് അഗ്‌നി ശുദ്ധി വരുത്താത്ത കാലത്തോളം ഈയൊരു പരിമിതി കൂടി കേരളം സഹിച്ചേ മതിയാവൂ. എല്ലാ പരിമിതികള്‍ക്കുമിടയില്‍ തെറ്റായ പൊലിസ് നയങ്ങള്‍ മൂലം കള്ളക്കേസുകളില്‍ കുരുങ്ങി ഭാവിയും ജീവിതവും നഷ്ടമാവുന്ന ചെറുപ്പക്കാരെ സമൂഹം കാണാതെ പോവരുത്.
കേവലം കയ്യടി നേടാനുള്ള മൈതാന പ്രസംഗങ്ങളായി അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുകയല്ലാതെ സംഘ്പരിവാറിനെതിരേ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഭരണത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന ചോദ്യം വളരെയധികം പ്രസക്തമാണ്. കള്ളക്കേസുകള്‍ ഉണ്ടാക്കി സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കുടുക്കണമെന്നല്ല പറഞ്ഞു വരുന്നത്. സമൂഹത്തില്‍ ആരെയും കൂസാതെ വര്‍ഗീയ വിഷം വമിക്കുന്നത് തടയാനും സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കാനുള്ള മെഷിനറികളായി പൊലിസ് വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറാതിരിക്കാനുമുള്ള നടപടികളാണ് വേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ പൗരത്വ വിഷയത്തിലടക്കം നടത്തിയ പ്രഖ്യാപനങ്ങളും പ്രമേയങ്ങളും ജല രേഖകളായി മാറും. സര്‍ക്കാരിനെ സംഘ്പരിവാറിന്റെ ഡീപ്പ് സ്റ്റേറ്റ് ഭരിക്കുന്ന കാലത്തോളം ഒരുറപ്പും മുഖ വിലയ്‌ക്കെടുക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."