മുസ്‌ലിം ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു; പരപ്പനങ്ങാടിയില്‍ വീണ്ടും അശാന്തി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീണ്ടും അശാന്തി പടര്‍ത്തിക്കൊണ്ട് വാഹനങ്ങള്‍ കത്തിക്കല്‍ തുടരുന്നു. സദ്ദാം ബീച്ച് കളരിക്കല്‍ റോഡിലെ മുസ്‌ലിം ലീഗ് നേതാവും എസ്.ടി.യു തിരൂരങ്ങാടി മണ്ഡലം ട്രഷററുമായ ചേക്കാലി അബ്ദുറസാഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്‍ ഷഹരിയാസ് ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്.
ഇന്നലെ, പുലര്‍ച്ചെ നാലര മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ബൈക്ക് കത്തുന്നതാണ് കണ്ടത്. ഉടനെ വെള്ളം അടിച്ചെങ്കിലും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
സ്ഥലത്തെത്തിയ പരപ്പനങ്ങാടി പൊലിസ് സമീപത്ത് നിന്നും പെട്രോള്‍ നിറച്ച ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങളായി പരപ്പനങ്ങാടി തീരദേശമേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. മൂന്ന് മാസം മുന്‍പ് ഒട്ടുമ്മലില്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ ബുള്ളറ്റും, ആവിയില്‍ ബീച്ചില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയും, കെ.ടി നഗറില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ സ്‌കൂട്ടറും കത്തിച്ചിരുന്നു. അക്രമികള്‍ അന്ന് വാഹനങ്ങള്‍ കത്തിച്ചത് പുലര്‍ച്ചെ രണ്ടുമണി സമയത്തായിരുന്നു. വാഹനം കത്തിച്ച സംഭവങ്ങളില്‍ ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം അക്രമസംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ ഗൗരവമായി കണ്ട് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവിശ്യം ഉയരുമ്പോഴും പൊലിസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. സ്ഥലം പി.കെ അബ്ദുറബ്ബ് എം.എല്‍.എയും നേതാക്കളും സന്ദര്‍ശിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."