ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീര്‍ത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലിസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഫ്‌ലാറ്റിലെ മലയാളി കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സബിഗെഹള്ളി പൊലിസാണ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിയായ സിമി നായര്‍ക്കെതിരെയാണ് കേസ്.
ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. പുലര്‍ച്ചെ നാല് മണിക്കാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങള്‍ക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു.
കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നല്‍കുന്നതും കാണാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാര്‍ക്കും ഒരുമിച്ച് ഉത്സവങ്ങള്‍ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ അംഗീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."