മണ്ണിനും മനസ്സിനും കുളിരു പകര്‍ന്നു പൂക്കുന്നു മല
തന്‍സീര്‍ കാവുന്തറ
കോഴിക്കോട്: പ്രകൃതി സൗന്ദര്യത്തിന്റെ കൗതുക കാഴ്ചകളൊരുക്കി സഞ്ചാരികളുടെ മനം കവരുകയാണ് പൂക്കുന്നു മല. നന്മണ്ട കാക്കുനി, തലക്കുളത്തൂര്‍ പഞ്ചായത്തുകളായി കണ്ണെത്താ ദൂരം വ്യാപിച്ചു കിടക്കുന്ന പൂക്കുന്നു മല നീരുറവകളാലും അപൂര്‍വ സസ്യജാലങ്ങളാലും സമ്പന്നമാണ്.
മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍ 140 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇതില്‍ 34 ദേശാടന പക്ഷികളും ഉള്‍പ്പെടും. വംശനാശ ഭീഷണി നേരിടുന്ന വലിയ പുളളി പരുന്ത്, ചെറിയ പുളളി പരുന്ത്, മേടുതപ്പി, വെള്ള അരിവാള്‍ കൊക്കന്‍, ചോക്കോഴി എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഗരുഡന്‍, ചാരക്കാളി, കരിഞ്ചുണ്ടന്‍, ഇത്തിക്കണ്ണിക്കുരുവി എന്നിവയുമുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിലേറെ അടി ഉയരമുള്ള പൂക്കുന്നു മലയുടെ പ്രധാന സവിശേഷത ഏറ്റവും ഉയര്‍ന്ന സ്ഥലത്തു പോലും കാണപ്പെടുന്ന ജല സ്രോതസ്സുകളാണ്. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളാണ് കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്. അത്യുഷ്ണ കാലത്തു പോലും ഉറവ വറ്റാത്ത തണ്ണീര്‍ക്കുണ്ടുകള്‍ പൂക്കുന്നു മലയിലെ പച്ചപ്പ് നിലനിര്‍ത്തുന്നു. തീര്‍ഥങ്കര നീരുവ കാക്കൂരിന്റെ പ്രധാന ജലാശ്രയമാണ്.
ഔഷധ സസ്യങ്ങളുടെ പറുദീസയാണീ മലമുകള്‍. കണ്ണന്താളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നിവ സുലഭമാണ്. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളാണ് മഞ്ഞില്‍ പുതഞ്ഞ പ്രഭാതവും അസ്തമയ സൂര്യന്റെ ദൃശ്യചാരുതയും ആസ്വദിക്കാന്‍ ഇവിടെ എത്തുന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ഈ ഗിരിനിര മണ്ണിനും മനസ്സിനും കുളിരു പകര്‍ന്നു ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. സാമൂഹിക വിരുദ്ധരുടെ വിളയാട്ടം കാരണം അഗ്‌നിക്കിരയായ മേഖലയും ഇവിടെ കാണാം. അധികൃതര്‍ കണ്‍ തുറന്നില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു പൂക്കുന്നു മല ഇരയായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."