വാഹനാപകടത്തിൽ സ്വദേശി പൗരന് മരിച്ച കേസ്; രണ്ടര വർഷത്തിനു ശേഷം രാജകാരുണ്യത്തിൽ മലയാളി യുവാവിന് മോചനം
ജിദ്ദ: സഊദിയിൽ വാഹനാപകടത്തിൽ മരിച്ച സ്വദേശി പൗരന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 28 ലക്ഷം രൂപ (ഒന്നര ലക്ഷം റിയാൽ) കൊടുക്കാനില്ലാതെ രണ്ടര വർഷം ജയിലിൽ കിടന്ന ഉദയന് ഒടുവിൽ രാജകാരുണ്യം തുണയായി. സഊദി അറേബ്യയുടെ ഖജനാവായ ’ബൈത്തുൽ മാലി’ൽ നിന്ന് മോചനദ്രവ്യമായ ഇത്രയും തുക അനുവദിച്ചതോടെ പാലക്കാട് സദേശി ഉദയന് ജയിലിൽ നിന്ന് മോചനമായി.
റിയാദിൽ നിന്ന് ആയിരം കിലോമീറ്ററകലെ ഖമീസ് മുശൈത്തിലെ ജയിലിലായിരുന്നു ഈ യുവാവ്. ഇവിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഉദയൻ 2014ലാണ് കേസിൽ കുടുങ്ങിയത്. ഇയാൾ ഓടിച്ച മണ്ണുമാന്തി യന്ത്രത്തിൽ വന്നിടിച്ച കാറിലെ ഡ്രൈവറായ സഊദി പൗരൻ തൽക്ഷണം മരിച്ചു. മണ്ണുമാന്തി യന്ത്രം ഓടിക്കാനുള്ള ലൈസൻസില്ലാതെയായിരുന്നു ഉദയൻ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് കേസ് അയാൾക്കെതിരെയായി. ഒന്നാം പ്രതിയായി ജയിലിലുമായി.
ലൈസൻസ് എടുത്തുകൊടുക്കാത്ത കുറ്റത്തിന് ഉദയന്റെ സ്പോൺസർക്കെതിരെയും കേസുണ്ടായി. നിയമപരമായ രേഖകളൊന്നുമില്ലാതെ ഉദയനെ കൊണ്ട് മണ്ണിടിപ്പിച്ച കമ്പനിയും കേസിൽ കുടുങ്ങി. കോടതി മൂവർക്കുമെതിരെ ഒന്നര ലക്ഷം റിയാൽ പിഴ ചുമത്തി. ഈ തുക മരിച്ചയാളുടെ കുടുംബത്തിന് കൊടുക്കണം എന്നായിരുന്നു വിധി. ഈ തുക പോരെന്ന് പറഞ്ഞ് മരിച്ചയാളുടെ കുടുംബം അപ്പീൽ കോടതിയെസമീപിച്ചു. മൂന്ന് പ്രതികളുടെയും പേരിൽ ഒന്നര ലക്ഷം റിയാൽ വീതം അപ്പീൽ കോടതി ശിക്ഷ വിധിച്ചു. മൂന്നുപേരും കൂടി നാലര ലക്ഷം റിയാൽ മരിച്ചയാളുടെ കുടുംബത്തിന് കൊടുക്കണമെന്നായിരുന്നു വിധി.
ഉദയന്റെ സ്പോൺസറും ജോലി ചെയ്യിച്ച കമ്പനിയും തങ്ങളുടെ വിഹിതമായ ഒന്നര ലക്ഷം റിയാൽ വീതം കോടതിയിൽ കെട്ടിവെച്ച് കേസിൽ നിന്ന് രക്ഷപ്പെട്ടു. ഉദയന്റെ പണം കൊടുക്കാൻ സ്പോൺസർ തയ്യാറായില്ല. ഇതിനിടയിൽ ജാമ്യത്തിലിറങ്ങിയിരുന്ന ഉദയനെ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽ വീണ്ടും ജയിലിൽ അടച്ചു. 2018 ജൂണിലാണ് വീണ്ടും ജയിലിലായത്. ഇയാളുടെ ദയനീയാവസ്ഥ അറിഞ്ഞ് ഖമീസ് മുശൈത്തിലെ മലയാളി സംഘടനയായ അസീർ പ്രവാസി സംഘം പ്രവർത്തകർ മോചനശ്രമം നടത്തുകയും മരിച്ചയാളുടെ കുടുംബത്തെ കണ്ട് തുക കുറയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തു. അവർ തുക കുറയ്ക്കാൻ തയ്യാറായി. അതുകഴിച്ചുള്ള ബാക്കി തുക കണ്ടെത്താൻ ഉദയന്റെ സുഹൃത്തുക്കളും വിവിധ മലയാളി സംഘടനകളും രംഗത്തിറങ്ങി സ്വരൂപിച്ച തുക പ്രവാസി സംഘത്തെ ഏൽപിച്ചു.
ഈ തുക കോടതിയിൽ കെട്ടിവെയ്ക്കാനൊരുങ്ങുമ്പോഴാണ് ഒന്നര ലക്ഷം റിയാൽ ബൈത്തുൽ മാലിൽ നിന്ന് അനുവദിച്ചുകൊണ്ട് സർക്കാരിന്റെ ഉത്തരവ് വന്നത്. പണം കോടതിയിലെത്തുകയും ഉദയന് മോചനം കിട്ടുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണം അതാത് ആളുകൾക്കും കൂട്ടായ്മകൾക്കും തിരിച്ചുനൽകുമെന്ന് പ്രവാസി സംഘം പ്രവർത്തകർ അറിയിച്ചു. എന്നാൽ രണ്ടര വർഷം ജയിലിൽ കിടന്നതിന്റെ പേരിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉദയന് പ്രവാസി സംഘം സ്വന്തം നിലയിൽ രണ്ടുലക്ഷം രൂപ കൊടുത്തുസഹായിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."