ബഹ്റൈന്‍ കേരളീയ സമാജം ദശദിന പുസ്തകോത്സവത്തിന് ഉജ്ജ്വല തുടക്കം
മനാമ: പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തിന് ഉജ്ജ്വല തുടക്കം.
കേരളത്തിലെ പ്രമുഖ പ്രസാധകർ നയിക്കുന്ന ‘പുസ്തകം’എന്ന കൂട്ടായ്മയുടെ ബാനറിൽ 50ലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ ലഭ്യമാക്കുന്നത്.
പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടനം കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.പുതിയ കാലത്തെ വായനയുടെ ഗൗരവവും അതിന് ബഹ്റൈന്‍ കേരളീയ സമാജം നല്‍കുന്ന പരിഗണനയും അദ്ധേഹം എടുത്തു പറഞ്ഞു. പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവര്‍ സംസാരിച്ചു.സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി.
വാരാന്ത്യ അവധി ദിനമായതിനാല്‍ ഉദ്ഘാടന ദിനത്തില്‍ ശ്രദ്ധേയമായ ജനപങ്കാളിത്തമാണ് പുസ്തകോത്സവത്തിൽ ദൃശ്യമായത്.
പുസ്തക സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും പുസ്തകം കരസ്ഥമാക്കാനുമായി നിരവധി പേരാണ് എത്തിയത്. ആദ്യ ദിനത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ഥ സാഹിത്യ ക്യാമ്പുകൾ നടന്നു. എഴുത്തുകാരായ കെ.ആര്‍ മീരയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും മുതിർന്നവർക്കുള്ള സാഹിത്യ ക്യാമ്പിന് നേതൃത്വം നൽകി.
തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീര്‍ പ്രവാസി മലയാളികളുമായി സംവദിച്ചു. ഐക്യം എന്ന വിഷയത്തെ അധികരിച്ച് ബി.കെ.എസ് ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും കുട്ടികളുടെ കവര്‍ ചിത്ര രചനാ മത്സരവും നടന്നു. അടുത്ത ദിവസങ്ങളിലും ശ്രദ്ധേയമായ പരിപാടികളുമായി പുസ്തകോത്സവം സജീവമാകും.
പൗരത്വനിയമത്തിലുള്‍പ്പെടെ ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച പ്രമുഖ ആര്യസമാജ പണ്ഢിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്, പ്രശസ്ത ടെലിവിഷൻ അവതാരകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജീവ് സർദേശായി തുടങ്ങി നിരവധി പ്രമുഖര്‍ അടുത്ത ദിവസങ്ങളില്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി ബഹ്റൈനിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."