സി.പി.എം ലക്ഷ്യം ബി.ജെ.പിയെ ശക്തിപ്പെടുത്തുക: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമല വിഷയത്തിലടക്കം സി.പി.എം സ്വീകരിക്കുന്ന നിലപാട് ബി.ജെ.പിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും ക്ഷീണിപ്പിച്ച് ബി.ജെ.പിയെ വളര്‍ത്തി കേരളത്തില്‍ എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹത്തിലാണ് സി.പി.എം എന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി.
സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള അടവുകളാണ് സി.പി.എം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മലപ്പുറത്ത് സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീണത് വിദ്യയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല വിഷയത്തിലടക്കം സര്‍ക്കാറിന് പാളിച്ച പറ്റി. പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനാവുന്നില്ല. പ്രളയത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണം പൂര്‍ണമായില്ല. നവകേരള പുനര്‍നിര്‍മാണം എന്ന വാക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ മറന്നിരിക്കുകയാണ്. കേരളം ഭരിക്കേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിറകെ പോവുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണങ്ങള്‍ക്കെതിരേ വരും തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകും. ബി.ജെ.പി രാജ്യത്തെ കൊള്ളയടിക്കുന്നു. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയലാഭം നേടാമെന്ന കണക്കുകൂട്ടലിലാണ് മോദിയും കൂട്ടരും. ഇതിനെല്ലാം ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."