പാലത്തിലെ വിടവ്: ദേശീയ പാതയില്‍ അപകടം പതിവാകുന്നു ഇന്നലെ ഓട്ടോയുടെ പിന്നില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചു
കളമശ്ശേരി: ദേശീയ പാതയില്‍ കളമശ്ശേരി പഴയ പാലത്തിലെ എക്സ്പന്‍ഷന്‍ ജോയിന്റിലെ അകല്‍ച്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു. എസ്.സി.എം.എസ് കോളേജിന് മുന്പില് തൂമ്പുങ്ങല്‍ തോടിനു മുകളിലുള്ള പാലത്തിലെ എക്സ്പാന്ഷ് ജോയിന്റിലെ റബര്‍ ബീഡിങ്ങും ടാറും ഇളകി പോയതിനെ തുടര്‍ന്ന് പാലത്തില്‍ ഒന്നര അടിയോളമുള്ള വിടവാണ് ഉണ്ടായിട്ടുള്ളത്.
എറണാകുളം ഭാഗത്ത് നിന്നും പാലമിറങ്ങി വരുന്ന വാഹനങ്ങള്‍ വിടവ് കാണുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളുമാണ് കൂടുതലായി അപകടത്തില്‍ പെടുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടോ പാലമിറങ്ങി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ ഗര്‍ത്തത്തില്‍ ചാടാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നില്‍ വരികയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓട്ടോറിക്ഷക്ക് പിന്നില്‍ ഇടിക്കുകയുണ്ടായി. തൃശൂരിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്‍ ഗ്ലാസുകള്‍ തകര്‍ന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ഇതുവഴി വന്ന ബൈക്കും ഗര്‍ത്തത്തില്‍ വീണു. നിയന്ത്രണംവിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന വാഹനത്തിലിടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."