ബോംബ് വയ്ക്കാനെത്തിയ ഡമ്മി ഭീകരര്‍ പൊലിസിന്റെ പിടിയിലായി
വിഴിഞ്ഞം: മുന്‍കൂട്ടി പ്രഖ്യാപിച്ചശേഷം സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോംബുവെക്കാനെത്തിയ ഡമ്മി ഭീകരര്‍ പൊലിസിന്റെ പിടിയിലായി. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലും ടെക്‌നോപാര്‍ക്കിലും ബോംബ് വെക്കാന്‍ എത്തിയവരാണ് വിഴിഞ്ഞത്തും കഴക്കൂട്ടത്തും പൊലിസ് പിടിയിലായത്.
തീരസംരക്ഷണ ഏജന്‍സികളുടെ ജാഗ്രതയും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സീ വിജില്‍ എന്ന പേരില്‍ നടത്തിവരുന്ന തീരവേട്ട മോക്ക് ഡ്രില്ലിലാണ് ഭീകരവേഷധാരികളുടെ കടന്നുകയറ്റവും അറസ്റ്റും. ഇവരില്‍ നിന്ന് അഞ്ച് ഡമ്മി ബോംബുകളും പൊലിസ് കണ്ടെടുത്തു.
തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയ കോസ്റ്റ്ഗാര്‍ഡ് നാവിക് റാം മോഹന്‍ സിങ്, കെ.എ.പി ഒന്നാം ബറ്റാലിയനിലെ
പൊലിസുകാരായ അനീഷ് കുമാര്‍, രഞ്ജിത്ത് എന്നിവരെ വിഴിഞ്ഞം തീരദേശ പൊലിസ്
സി.ഐ ജയചന്ദ്രന്‍, എസ്.ഐ ഷാനിബാസ്, ഷിബു, സാജന്‍ എന്നിവരടങ്ങിയ സംഘമാണ്
പിടികൂടിയത്.
നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സുമെന്റ്, തീരദേശ പൊലിസ്, ലോക്കല്‍ പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് 36 മണിക്കൂര്‍ നീണ്ടു നിന്ന തീരവേട്ട നടന്നത്. ഇതിനായി പ്രതീകാത്മക ഭീകരരെ സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് കരക്കെത്തിക്കുന്നതിന് ഫിഷറീസ് സ്റ്റേഷനുകളിലെ ബോട്ടുകളും ഉപയോഗിച്ചിരുന്നു. ഈ ബോട്ടുകളില്‍ കൊല്ലത്ത് നിന്നും കടലിലെത്തിച്ച ഭീകര വേഷധാരികളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കരക്കെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും അപരിചിതരായവരെ ബോട്ടില്‍ കയറ്റാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറായില്ല. തുടര്‍ന്ന് ഫിഷറീസിന്റെ ബോട്ടില്‍ തന്നെ പുലര്‍ച്ചെ മൂന്ന് മണിയോടെ വിഴിഞ്ഞത്ത് എത്തിയ മൂന്നംഗ സംഘത്തെ തുറമുഖമുള്‍പ്പെടുന്ന മേഖലയില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന വിഴിഞ്ഞം തീരദേശ പൊലിസ് പിടികൂടുകയായിരുന്നു. സെക്രട്ടേറി യറ്റിലും കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലും ഡമ്മി ബോംബുകള്‍ വച്ച് കഴിവ് തെളിയിക്കലായിരുന്നു
മൂന്നു പേരുടെയും ലക്ഷ്യം.
കരയിലൂടെ എത്തി പൊലിസിന്റെ കണ്ണ് വെട്ടിച്ച് ടോക്‌നോപാര്‍ക്കില്‍ കടന്നുകയറി ബോംബുവെക്കാനെത്തിയ ഡമ്മി ഭീകരന്റെ ശ്രമവും കഴക്കൂട്ടം പൊലിസിന്റെ ജാഗ്രത മൂലം പരാജയപ്പെട്ടു. തീരസംരക്ഷണ സേന ഉദ്യോഗസ്ഥനായ രതീഷ് ആണ് ടെക്‌നോപാര്‍ക്കില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതിനിടെ കഴക്കൂട്ടം പൊലിസിന്റെ പിടിയിലായത്. ഇയാള്‍ കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗമാണ് ടെക്‌നോപാര്‍ക്കില്‍ ഡമ്മി ബോംബ് വെക്കാനായി എത്തിയത്. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ചിനും പൊലിസിനും സുരക്ഷാവീഴ്ചകള്‍ ഉണ്ടായതായി വിമര്‍ശനം ഉയരുന്നതിനിടെ നടന്ന തീരവേട്ടയില്‍ ഡമ്മി ഭീകരരുടെ ദൌത്യം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിടികൂടാനായത് അധികൃതര്‍ക്കും ആശ്വാസമായി. മൂംബൈ ഭീകരാക്രമണത്തിനെതുടര്‍ന്നാണ് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം സുരക്ഷാ സേനകളുടെ ജാഗ്രതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ തീരവേട്ട എന്ന പേരില്‍ മോക്ക് ഡ്രില്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."