പശുവിനെ അഴിക്കാന്‍ പോയ വീട്ടമ്മ കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ, പക്ഷികളെ വേട്ടയാടുന്ന യുവാവ് കസ്റ്റഡിയില്‍
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പശുവിനെ കൊണ്ടുവരാന്‍ തേയിലത്തോട്ടത്തിലേക്കു പോയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50)യാണ് കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും എതിര്‍ത്തപ്പോള്‍ കത്തി ഉപയോഗിച്ച് തലയോട്ടിയില്‍ വെട്ടുകയായിരുന്നുവെന്നും രക്തം വാര്‍ന്നാണു മരിച്ചതെന്നുമാണ് പ്രാഥമിക വിവരം . പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള യുവാവ്, വന്‍ മരങ്ങളില്‍ കൂട് കൂട്ടുന്ന പക്ഷികളെ വേട്ടയാടുന്ന സംഘത്തിലെ അംഗമാണെന്ന് പൊലിസ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലിസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈല്‍ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട ഷര്‍ട്ടും ലഭിച്ചു.
വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചില്‍ കേട്ട സമീപവാസി ഒച്ചവച്ചു. പിന്നാലെ ഒരാള്‍ കാട്ടില്‍ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാര്‍ കാട്ടില്‍ കയറി തിരച്ചില്‍ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."