ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനു തിരിച്ചടിയെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി സി വോട്ടര്‍ സര്‍വേ ഫലം. എന്നാല്‍ എന്‍.ഡി.എക്ക് ഒരു സീറ്റും ലഭിക്കുകയില്ല. 40.1 ശതമാനം വോട്ടുകള്‍ നേടി യു.പി.എക്ക് 16 സീറ്റുകള്‍ ലഭിക്കും.
എന്‍.ഡി.എക്ക് മൊത്തം 233 സീറ്റുകളാണ് പ്രവചിക്കുന്നത്. യു.പി.എക്ക് 167 സീറ്റുകളും മറ്റുള്ളവര്‍ക്ക് 143 സീറ്റുകള്‍ ലഭിക്കും. 2019 ലോക്സഭയില്‍ തൂക്കുസഭക്കുള്ള സാധ്യതയാണ് സീവോട്ടര്‍ സര്‍വ്വേയില്‍ സൂചിപ്പിക്കുന്നത്. കേരളത്തിനുപുറമെ പശ്ചിമ ബംഗാളിലും സി.പി.എമ്മിനു കാത്തിരിക്കുന്നത് കനത്ത പ്രഹരമാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ള ആധിപത്യം തുടരുകയാണ് ചെയ്യുക. ആകെയുള്ള 42 സീറ്റില്‍ 34 സീറ്റുകള്‍ തൃണമൂല്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ തൃണമൂലിന് ബംഗാളില്‍ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് കരുതിയ ബി.ജെ.പി ഏഴ് സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും.
അടുത്തിടെ ഭരണം നഷ്ടമായ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ആശ്വസിക്കാം. ലോക്സഭയില്‍ എന്‍.ഡി.എക്ക് 23 സീറ്റുകള്‍ ലഭിക്കും. യു.പി.എക്ക് ആറ് സീറ്റുകളെ ലഭിക്കൂ.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്സഭാ സീറ്റുകളില്‍ 14 സീറ്റുകള്‍ എന്‍.ഡി.എ മുന്നണി നേടും. ഒമ്പത് സീറ്റുകള്‍ യു.പി.എയും രണ്ടെണ്ണം മറ്റുള്ളവര്‍ക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്.
ഹരിയാനയിലെ 10 സീറ്റില്‍ എന്‍.ഡി.എക്ക് ഏഴും യു.പി.എക്ക് മൂന്നും സീറ്റുകള്‍ ലഭിക്കും. കര്‍ണാടകയില്‍ യു.പിഎ.ക്കും എന്‍ഡിഎക്കും 14 വീതം സീറ്റുകള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."