കനകദുര്‍ഗ കേസ്: 28ന് കോടതി വിശദവാദം കേള്‍ക്കും
തിരൂര്‍: ശബരിമല ദര്‍ശനം നടത്തി വിവാദത്തിലായ കനകദുര്‍ഗ വീട്ടില്‍ കഴിയാന്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ 28ന് കോടതി വിശദമായ വാദം കേള്‍ക്കും. വീട്ടില്‍ കയറ്റണമെന്ന കനക ദുര്‍ഗയുടെ ഹരജിയില്‍ ഭര്‍ത്താവിന്റെയും അമ്മയുടേയും വാദം കേള്‍ക്കുന്നതിനാണ് കേസ് ഈ മാസം 28 ലേക്ക് മാറ്റിയത്. തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് ആണ് കേസ് പരിഗണിച്ചത്. കേസില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദമായി എഴുതി നല്‍കാന്‍ കനകദുര്‍ഗയുടെ ഭര്‍ത്താവിനോടും സഹോദരനോടും കോടതി നിര്‍ദേശിച്ചു. പൊലിസ് സുരക്ഷയില്‍ കഴിയുന്ന കനകദുര്‍ഗയ്‌ക്കൊപ്പം തന്റെ കുട്ടികളെ താമസിപ്പിക്കാനാകില്ലെന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താമസിക്കാനാകില്ലെന്നും വീട്ടിലേക്ക് മാറി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്നും കനകദുര്‍ഗ ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാര ലംഘനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ബഹിഷ്‌കൃതയായ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്താന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഗാര്‍ഹിക പീഡന നിയമ പ്രകാരം ഭര്‍ത്താവിനും അമ്മക്കുമെതിരെ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിലാണ് പരാതി നല്‍കിയത്. പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തില്‍ ഇന്നലെ സിറ്റിംഗ് ഇല്ലാത്തതിനാല്‍ തിരൂര്‍ മുന്‍സിഫ് കേസ് പരിഗണിക്കുകയായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഡ്വ: റൈഹാനത്തും ഭര്‍ത്താവിനും കുടുംബത്തിനുമായി അഡ്വ: പ്രകാശുമാണ് കോടതിയില്‍ ഹാജരായത്. ഇതോടെ കനകദുര്‍ഗയുടെ അഗതി മന്ദിരത്തിലെ വാസം ഇനിയും നീളും. വീട്ടില്‍ താമസിപ്പിക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേള്‍ക്കണമെന്ന അമ്മയുടെയും ഭര്‍ത്താവിന്റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."