കെ.എസ്.ഇ.ബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് കോടികള്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കു പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 2,121.46 കോടി രൂപ.
കടുത്ത വേനലില്‍ അധിക വൈദ്യുതി അയല്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര പൂളില്‍നിന്നും വാങ്ങുന്ന കെ.എസ്.ഇ.ബി നഷ്ടത്തിലേക്കു കൂപ്പുകുത്തുമ്പോഴാണ് കുടിശ്ശിക പിരിച്ചെടുക്കാതെ നിസംഗത കാണിക്കുന്നത്.
2015-16 സാമ്പത്തിക വര്‍ഷം കെ.എസ്.ഇ.ബിയുടെ നഷ്ടം 313.29 കോടിയാണ്. അധിക വൈദ്യുതി വാങ്ങുന്നതുകൂടി കൂട്ടിയാല്‍ നഷ്ടത്തിന്റെ തോതും കൂടും. ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത് വാട്ടര്‍ അതോറിറ്റിയാണ്. 935.56 കോടി രൂപ.
സര്‍ക്കാര്‍ വകുപ്പുകള്‍ 135.50 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ 241.57 കോടി, തദ്ദേശ സ്ഥാപനങ്ങള്‍ 5.50 കോടി, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ 32 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 41.94 കോടി, ഗാര്‍ഹിക ഉപഭോക്താക്കള്‍ 69.99 കോടി, വന്‍കിട, ചെറുകിട കച്ചവട സ്ഥപനങ്ങള്‍, ഫ്‌ളാറ്റുകള്‍ എന്നിവ 596.48 കോടി എന്നിങ്ങനെയാണ് കുടിശ്ശിക.
ഇതില്‍ 366.7 കോടിക്കു വിവിധ കോടതികളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അദാലത്തുകള്‍ നടത്തിയെങ്കിലും കുടിശ്ശിക തിരിച്ചുപിടിക്കാനായിട്ടില്ല. കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതിവകുപ്പ് മന്ത്രിയായപ്പോള്‍ ചില വന്‍കിട സ്ഥാപനങ്ങളുടെ കുടിശ്ശിക കുറച്ചുനല്‍കിയിരുന്നു.
കേരളാ പൊലിസ്, വാട്ടര്‍ അതോറിറ്റി, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുടെ വൈദ്യുതി വിച്ഛേദിക്കുന്നതു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നതിനാലാണ് നടപടിയിലേക്കു പോകാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, മറ്റു വകുപ്പുകളില്‍നിന്നു കുടിശ്ശിക പരിച്ചെടുക്കാത്തതെന്തെന്ന ചോദ്യത്തിനു മറുപടിയില്ല.
കെ.എസ്.ഇ.ബി കമ്പനിയാക്കുന്നതിനു മുന്‍പായി ആസ്തി വിവര കണക്കെടുത്തപ്പോള്‍ കുടിശ്ശിക കിട്ടാക്കടമായി ഉള്‍പ്പെടുത്തുകയായിരുന്നു.
ഇതിനു ശേഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒരു തവണ ബില്ലടവ് മുടക്കിയാല്‍ അടുത്ത ദിവസം മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു കേരളാ ഉപഭോക്തൃ കോടതി ഇടപെടുകയും മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ഫ്യൂസ് ഊരരുതെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കുടിശ്ശിക പിരിക്കാതെ ജല അതോറിറ്റിയും
തിരുവനന്തപുരം: വെള്ളക്കരം നല്‍കാതെ നാട്ടുകാരും വമ്പന്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജല അതോറിറ്റിയെ പറ്റിക്കുന്നു. ഇത്തരത്തില്‍ കിട്ടാനുള്ളത് കോടികളാണ്. ഏതാണ്ട് 19.22 കോടിയാണ് അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളും ആശുപത്രികളുമായി 650.59 കോടിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 120 കോടിയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഏതാണ്ട് 11.92 കോടിയുമാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. 2,000 കോടി രൂപയ്ക്കു മുകളിലാണ് ഇതുവരെയുള്ള നഷ്ടം.
വെള്ളക്കരത്തില്‍ 2015-16ല്‍ സര്‍ക്കാര്‍ പിരിച്ചെടുത്തതു 459.91 കോടിയാണ്. അങ്ങോട്ട് നല്‍കിയതാകട്ടെ 245.10 കോടിയും.
വരുന്ന സാമ്പത്തിക വര്‍ഷം വെള്ളക്കര ഇനത്തില്‍ 528.96 കോടി പിരിച്ചെടുക്കുമെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."