നായനാര്‍ കപ്പ് മെയ് മൂന്ന് മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: ഇ.കെ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നായനാര്‍ ഗോള്‍ഡ് കപ്പ് ഇന്‍വിറ്റേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് മെയ് മൂന്ന് മുതല്‍ കോഴിക്കോട്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ.കെ നായനായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ ഫുട്ബോള്‍ ആസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാലു വിദേശ ടീമുകള്‍ ഉള്‍പ്പെടെ എട്ടു ടീമുകള്‍ പങ്കെടുക്കുമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് 6.10നു ആരംഭിക്കും. ലീഗ് കം നോക്കൗണ്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടം 20നു നടക്കും. ടീമുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ഇന്ത്യയില്‍ നിന്നു കേരള ഇലവനെ കൂടാതെ ബംഗാള്‍, ഗോവ, മഹാരാഷ്ട്ര, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ മൂന്നു ടീമുകളെ ഉള്‍പ്പെടുത്തും. ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ചൈന, ദക്ഷിണാഫ്രിക്ക, ജപ്പാന്, കൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നു നാലു ടീമുകളെ പങ്കെടുപ്പിക്കാനാണു ശ്രമം. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംഘടാക സമിതി രൂപീകരണം ഈ മാസം അവസാനം നടക്കും. ഗാലറി ടിക്കറ്റിനു 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
നായനാര്‍ മെമ്മോറിയില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. രണ്ടു വര്‍ഷത്തോളം കണ്ണൂരില്‍ നടന്ന ടൂര്‍ണമെന്റ് 2012ല്‍ കോഴിക്കോട്ടാണു അവസാനമായി നടന്നത്. മൂന്നു ഐ ലീഗ് ടീമുകള്‍ ഉള്‍പ്പെടെ എട്ടു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ റെയില്‍വേക്കായിരുന്നു കിരീടം.
വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി.എഫ്.എ വൈസ് പ്രസിഡന്റ് ഇ കുട്ടിശങ്കരന്, സെക്രട്ടറി പി ഹരിദാസ്, പി പ്രിയേഷ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."